‘ഇതേ ശൈലിയിൽ, ഇതേ ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകും’; ഹാട്രിക് ഡക്കുകളിൽ മൗനം വെടിഞ്ഞ് അഭിഷേക്

ന്യൂഡൽഹി: ട്വന്റി-20 ലോകകപ്പിൽ മോശം തുടക്കത്തിന് പിന്നാലെ വിമർശകർക്ക് മറുപടിയുമായി ഇന്ത്യൻ ഓപ്പണർ അഭിഷേക് ശർമ്മ. ലോകത്തെ ഒന്നാം നമ്പർ ട്വന്റി-20 ബാറ്ററാണെങ്കിലും ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരങ്ങളിലും റണ്ണൊന്നുമെടുക്കാനാവാതെ (ഹാട്രിക് ഡക്ക്) താരം പുറത്തായിരുന്നു. എന്നാൽ ഞായറാഴ്ച ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടക്കാനിരിക്കുന്ന സൂപ്പർ 8 പോരാട്ടത്തിന് മുന്നോടിയായി തന്റെ ബാറ്റിംഗ് ശൈലിയിൽ മാറ്റം വരുത്തില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് അഭിഷേക് ശർമ. സ്റ്റാർ സ്‌പോർട്സ് പങ്കുവച്ച വീഡിയോയിലാണ് താരം തന്റെ നിലപാട് വ്യക്തമാക്കിയത്.
‘സത്യം പറഞ്ഞാൽ ഞാൻ ഇപ്പോൾ എന്റെ ബാറ്റിംഗ് ആസ്വദിക്കുകയാണ്. രണ്ടുവർഷം മുൻപേ എല്ലാ തരത്തിലുള്ള സമ്മർദ്ദങ്ങൾ എടുക്കുന്നത് അവസാനിപ്പിച്ചു. കാരണം, കാര്യങ്ങൾ കൃത്യമായി ചെയ്യുക എന്നത് മാത്രമാണ് എന്റെ കൈയിലുള്ളതെന്ന് വിശ്വസിക്കുന്നു. അത് പ്രാക്ടീസ് ആണെങ്കിലും ട്രെയിനിംഗ് ആണെങ്കിലും, ഞാൻ ചെയ്യേണ്ട കാര്യങ്ങൾ മടുപ്പില്ലാതെ തുടർന്നു കൊണ്ടേയിരിക്കണം.
അമിതമായി ടെൻഷൻ അടിക്കാതെ കളിക്കാനാണ് എനിക്കിഷ്ടം. ഒരു ബാറ്ററെ സംബന്ധിച്ചിടത്തോളം കളിയിൽ ഉയർച്ച താഴ്ചകൾ സ്വാഭാവികമാണ്. ചിലപ്പോൾ നമ്മൾ നന്നായി റൺസ് അടിക്കും, ചിലപ്പോൾ പരാജയപ്പെടും. പക്ഷേ, ഒരു പ്രത്യേക ഘട്ടത്തിൽ എനിക്ക് ബോധ്യപ്പെട്ടു ഇതേ ശൈലിയിൽ തന്നെ, ഇതേ ആത്മവിശ്വാസത്തോടെ വേണം മുന്നോട്ട് പോകാനെന്ന്. എല്ലാ ദിവസവും അത് വിജയിക്കണമെന്നില്ല, എങ്കിലും എന്റെ കളിയോ രീതികളോ മാറ്റാൻ ഞാൻ തയ്യാറല്ല.’- അഭിഷേക് ശർമ്മ കൂട്ടിച്ചേർത്തു.
Source link



