NEWS

സംസ്ഥാനത്ത് ആകെ 5.07 ലക്ഷം കോടി രൂപയുടെ കടം; നഷ്‌ടത്തിൽ മുന്നിൽ കെഎസ്‌ആർടിസിയും ജല അതോറിറ്റിയും

തിരുവനന്തപുരം: സംസ്ഥാനത്ത് ആകെ 5.07 ലക്ഷം കോടിയുടെ കടബാദ്ധ്യതയുണ്ടെന്ന് വ്യക്തമാക്കി യുഡിഎഫ് സർക്കാർ പുറത്തിറക്കിയ ധവളപത്രം. ശമ്പള, പെൻഷൻ കുടിശിക മാത്രം 48,733 കോടി രൂപയുണ്ട്. ട്രഷറിയിൽ പ്രതിസന്ധി അതിരൂക്ഷമാണെന്നും ധവളപത്രത്തിൽ പറയുന്നു. 21,000 കോടിയാണ് കിഫ്‌ബി ബാദ്ധ്യത.

പൊതുമേഖലാ സ്ഥാപന സഞ്ചിതനഷ്‌ടം 78,851 കോടിയാണ്. നഷ്‌ടത്തിൽ മുന്നിൽ കെഎസ്‌ആർടിസിയും ജല അതോറിറ്റിയുമാണ്. വരുമാനത്തിന്രെ 77 ശതമാനവും നിർബന്ധിത ചെലവിനാണ്. ദൈനംദിന ചെലവുകൾക്ക് പണമില്ലെന്നും ധവളപത്രത്തിൽ പറയുന്നു. കഴിഞ്ഞ മേയ് 16 വരെ ട്രഷറി നീക്കിയിരിപ്പ് 2,211 കോടിയാണ്.

ധവളപത്രം മുഖ്യമന്ത്രി വി ഡി സതീശൻ നിയമസഭയുടെ മേശപ്പുറത്ത് വച്ചപ്പോൾ വിയോജന പ്രമേയവുമായി മുൻ ധനമന്ത്രി കെ എൻ ബാലഗോപാൽ രംഗത്തെത്തി. നിയമസഭയുടെ നടപടികൾ പാലിച്ചില്ലെന്നും ധവളപത്രം തയ്യാറാക്കേണ്ടത് ധനവകുപ്പാണെന്നും പ്രതിപക്ഷം ആരോപിച്ചു. സത്യപ്രതിജ്ഞാ ലംഘനമാണിതെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.

എന്നാൽ, പ്രതിപക്ഷത്തിന്റെ ആരോപണം മുഖ്യമന്ത്രി തള്ളി. നടപടിക്രമങ്ങൾ ലംഘിച്ചിട്ടില്ലെന്നും ധവളപത്രം തയ്യാറാക്കിയത് ധനവകുപ്പിന്റെ നേതൃത്വത്തിലാണെന്നും മുഖ്യമന്ത്രി മറുപടി നൽകി. ഒരു രഹസ്യരേഖയും ആർക്കും കൈമാറിയിട്ടില്ലെന്നും കെട്ടിപ്പൊക്കിയ മിഥ്യകൾ ജനങ്ങൾ അറിയട്ടെയെന്നും അദ്ദേഹം പറഞ്ഞു. ഇത് രാഷ്‌ട്രീയ രേഖയല്ല, ഭാവി കേരളത്തിനായുള്ള അടിസ്ഥാന രേഖയാണ്. കാണുംമുമ്പ് രാഷ്‌ട്രീയ രേഖയെന്ന് എങ്ങനെ കുറ്റപ്പെടുത്തുമെന്നും വി ഡി സതീശൻ ചോദിച്ചു.


Source link
NEWS

Back to top button