NEWS

ലഹരി മാഫിയയ്ക്കെതിരെ സംസ്ഥാനവ്യാപക പോരാട്ടം; ‘ഓപ്പറേഷന്‍ തൂഫാന്‍’ പദ്ധതിക്ക് തുടക്കമായി

സംസ്ഥാനത്തെ മയക്കുമരുന്ന് ശൃംഖലയെ തകര്‍ക്കുന്നതിനായി സര്‍ക്കാര്‍ ആവിഷ്‌കരിച്ച ലഹരി പ്രതിരോധ കര്‍മ്മപദ്ധതിയായ ‘ഓപ്പറേഷന്‍ തൂഫാന്‍’ പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം കോട്ടണ്‍ഹില്‍ ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നിര്‍വഹിച്ച മുഖ്യമന്ത്രി വി.ഡി. സതീശന്‍ ലഹരി മാഫിയയെ കേരളത്തില്‍ നിന്ന് തുരത്താന്‍ സമൂഹം ഒറ്റക്കെട്ടായി മുന്നോട്ടുവരണമെന്ന് ആഹ്വാനം ചെയ്തു.

നാടിന്റെ ഏറ്റവും വലിയ സമ്പത്തായ യുവതലമുറയെ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന മയക്കുമരുന്ന് മാഫിയയ്ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം ആവശ്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിദ്യാഭ്യാസ, ആരോഗ്യ മേഖലകളില്‍ രാജ്യത്തിന് മാതൃകയായ കേരളം മയക്കുമരുന്ന് വ്യാപനത്തിന്റെ വെല്ലുവിളി നേരിടേണ്ടിവരുന്നത് അതീവ ദൗര്‍ഭാഗ്യകരമാണ്. മയക്കുമരുന്നിന്റെ സ്വാധീനത്തില്‍ കുറ്റകൃത്യങ്ങളുടെ സ്വഭാവം കൂടുതല്‍ ക്രൂരമാവുകയാണ്. ലഹരി ഉപയോഗം കുടുംബബന്ധങ്ങളെപ്പോലും തകര്‍ക്കുന്ന സംഭവങ്ങള്‍ വര്‍ധിക്കുന്നതും ആശങ്കാജനകമാണ്. സംസ്ഥാനത്തെ ജനസംഖ്യയില്‍ വലിയൊരു വിഭാഗം യുവജനതയാണെന്നും കേരളത്തിന്റെ ഭാവി പുരോഗതിക്ക് കരുത്താകേണ്ട ഈ യുവത്വത്തെയാണ് ലഹരി മാഫിയ ലക്ഷ്യമിടുന്നതെന്നും അതില്‍ ജാഗ്രത വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലഹരി വിമുക്ത കേരളം എന്ന ലക്ഷ്യത്തോടെ എന്‍ഫോഴ്‌സ്‌മെന്റും ബോധവത്കരണവും എന്ന രണ്ട് പ്രധാന മേഖലകള്‍ കേന്ദ്രീകരിച്ചാണ് ‘ഓപ്പറേഷന്‍ തൂഫാന്‍’ നടപ്പാക്കുന്നത്. പോലീസും എക്‌സൈസും ലഹരിക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും ഈ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണ ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതോടൊപ്പം, കുട്ടികളിലും യുവാക്കളിലും ലഹരിയുടെ ദോഷഫലങ്ങളെക്കുറിച്ച് വ്യാപകമായ അവബോധം സൃഷ്ടിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലഹരി നിര്‍മാര്‍ജനം സര്‍ക്കാര്‍ സംവിധാനങ്ങളുടെ മാത്രം ഉത്തരവാദിത്തമല്ലെന്നും അധ്യാപകര്‍, രക്ഷിതാക്കള്‍, തദ്ദേശ സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍ ഉള്‍പ്പെടെ സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളും ഈ ദൗത്യത്തില്‍ പങ്കാളികളാകണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. നമ്മുടെ കുട്ടികളെ ലഹരി മാഫിയയ്ക്ക് വിട്ടുകൊടുക്കില്ലെന്ന ഉറച്ച നിലപാടോടെയാണ് ഈ പോരാട്ടം മുന്നോട്ടുകൊണ്ടുപോകേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഓപ്പറേഷന്‍ തൂഫാന്‍ പദ്ധതിക്ക് നേതൃത്വം നല്‍കിയ ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയെയും പോലീസ്, എക്‌സൈസ് സേനകളേയും മുഖ്യമന്ത്രി അഭിനന്ദിച്ചു.

മയക്കുമരുന്ന് ശൃംഖലയുടെ വേരറുക്കുമെന്നും മയക്കുമരുന്ന് ഇടപാടുകാര്‍ക്കെതിരെ യാതൊരു വിട്ടുവീഴ്ചയുമില്ലാത്ത ‘നോ എക്‌സ്‌ക്യൂസസ്’ നിലപാടായിരിക്കും പോലീസ് സ്വീകരിക്കുകയെന്നും ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. വരും തലമുറയ്ക്ക് വേണ്ടിയുള്ള ഈ പദ്ധതി എക്‌സൈസ്, വിദ്യാഭ്യാസ, ആരോഗ്യ വകുപ്പുകള്‍ സംയുക്തമായാണ് നടപ്പാക്കുന്നത്. ഓപ്പറേഷന്‍ തൂഫാന്റെ നോഡല്‍ ഓഫീസറായി ഐ.ജി ഇന്റലിജന്‍സ് പുട്ട വിമലാദിത്യയെയാണ് നിയമിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നാര്‍ക്കോട്ടിക് സെല്ലും, ക്രൈം ബ്രാഞ്ചും ഉള്‍പ്പെടെയുള്ള പോലീസ് സംവിധാനം ജില്ലാതലങ്ങളില്‍ ഊര്‍ജ്ജസ്വലമായി പ്രവര്‍ത്തിക്കുമെന്നും മന്ത്രി പറഞ്ഞു.

മയക്കുമരുന്ന് വില്‍പനക്കാരോട് ഈ കച്ചവടം അവസാനിപ്പിക്കണമെന്നും, അല്ലാത്തപക്ഷം നിയമത്തിന്റെ കരങ്ങള്‍ അവരെ തേടിയെത്തുമെന്നും മന്ത്രി രമേശ് ചെന്നിത്തല മുന്നറിയിപ്പ് നല്‍കി. മയക്കുമരുന്ന് മാഫിയയെ സഹായിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും കര്‍ശന നടപടിയുണ്ടാകും. ഡാര്‍ക്ക് വെബ് വഴിയുള്ള മയക്കുമരുന്ന് ഇടപാടുകള്‍ കണ്ടെത്താന്‍ സൈബര്‍ സെല്ലിന് പ്രത്യേക നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഫൈവ് സ്റ്റാര്‍ ഹോട്ടലുകളിലും ഡി.ജെ പാര്‍ട്ടികളിലുമുള്ള മയക്കുമരുന്ന് ഉപയോഗവും വിതരണവും കര്‍ശനമായി തടയുകയും, അവരുടെ അന്തര്‍സംസ്ഥാന ബന്ധങ്ങള്‍ തകര്‍ക്കുകയും ചെയ്യും. മയക്കുമരുന്ന് സംബന്ധിച്ച വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് പോലീസ് പൂര്‍ണ്ണ സംരക്ഷണം നല്‍കുമെന്നും, അവരുടെ പേരുവിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്നും മന്ത്രി പറഞ്ഞു.

ചടങ്ങില്‍ ഓപ്പറേഷന്‍ തൂഫാന്‍ പദ്ധതിയുടെ ലോഗോ മുഖ്യമന്ത്രി പ്രകാശനം ചെയ്തു. പോലീസ് മീഡിയ സെന്റര്‍ നിര്‍മ്മിച്ച ബോധവല്‍ക്കരണ അനിമേഷന്‍ ചിത്രവും തൂഫാന്‍ കെയര്‍ പദ്ധതി ലോഗോയും ആഭ്യന്തര മന്ത്രി പ്രകാശനം ചെയ്തു. മന്ത്രി എന്‍. ഷംസുദീന്‍ തൂഫാന്‍ അമ്പാസഡര്‍മാരായ വിദ്യാര്‍ത്ഥികള്‍ക്ക് പദ്ധതിയുടെ ഫ്‌ലാഗ് കൈമാറി. മന്ത്രിമാരായ എം. ലിജു, സി.പി. ജോണ്‍, ശശി തരൂര്‍ എം പി എന്നിവര്‍ പദ്ധതിക്ക് ആശംസ അറിയിച്ചു. സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖര്‍ സ്വാഗതം ആശംസിച്ച ചടങ്ങില്‍ എഡിജിപി എച്ച് വെങ്കിടേഷ് നന്ദി പറഞ്ഞു.


Source link
NEWS

Back to top button