LATEST

പുടിനുള്ള രാഷ്ട്രപതിയുടെ വിരുന്നിൽ തരൂരിന് ക്ഷണം ,​ രാഹുൽ ഗാന്ധിയെ ഒഴിവാക്കി,​ പങ്കെടുക്കുമെന്ന് തരൂർ

ന്യൂഡൽഹി: ഇന്ത്യാ സന്ദർശനത്തിനെത്തിയ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന് രാഷ്ട്രപതി നൽകുന്ന ഔദ്യോഗിക അത്താഴവിരുന്നിൽ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് ക്ഷണമില്ല. രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയെയും ക്ഷണിച്ചിട്ടില്ല. അതേസമയം കോൺഗ്രസ് എം.പി ശശി തരൂരിന് വിരുന്നിലേക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്. രാഹുൽ ഗാന്ധിയും ഖാർഗെയും വിരുന്നിൽ പങ്കെടുക്കില്ലെന്ന് കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു. വിദേശകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എന്ന നിലയിൽ തനിക്ക് ക്ഷണം ലഭിച്ചതായും പങ്കെടുക്കുമെന്നും തരൂർ വ്യക്തമാക്കിയിട്ടുണ്ട്. രാഹുൽ ഗാന്ധിയെ ക്ഷണിക്കാത്തതിനെ കുറിച്ച് തനിക്കറിയില്ലെന്നും തരൂർ പറഞ്ഞു.

റഷ്യയുടെ നയതന്ത്ര വിഭാഗവുമായുള്ള ശശി തരൂരിന്റെ ദീർഘകാലബന്ധമാണ് അദ്ദേഹത്തിന്റെ ലഭിച്ച ക്ഷണമെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം നേതാക്കളെ തഴഞ്ഞു കൊണ്ട് ഞങ്ങളെ ക്ഷണിച്ചിരുന്നെങ്കിൽ ആരും അതിൽ പങ്കെടുക്കില്ലായിരുന്നുവെന്ന് തരൂരിനെ ലക്ഷ്യമിട്ട് കോൺഗ്രസ് വക്താവ് പവൻ ഖേര പറഞ്ഞു. ഓരോരുത്തർക്കും അവരവരുടെ മനസാക്ഷിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യം സന്ദർശിക്കുന്ന രാഷ്ട്രത്തലവൻമാർക്ക് രാഷ്ട്രപതി ഔദ്യോഗിക വിരുന്ന് നടത്തി ആദരിക്കുന്നത് ദീ‌ർഘകാലമായുള്ള പാരമ്പര്യമാണ്. ഇതിന്റെ ഭാഗമായാണ് ഇന്ന് പുടിന് രാഷ്ട്രപതി ദ്രൗപദി മുർമു വിരുന്ന് നൽകുന്നത്.


Source link

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button