NEWS

‘രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തു, ഞാൻ നിരസിച്ചു; അധികാരത്തിന്റെ പിറകേ ഒരിക്കലും ഓടിയിട്ടില്ല’


ബെംഗളൂരു∙ കർണാടക രാഷ്ട്രീയത്തിൽ തുടരുമെന്നും ദേശീയ പദവി വഹിക്കാൻ തീരെ താൽപ്പര്യമില്ലെന്നും മുഖ്യന്ത്രി പദവി രാജിവച്ചതിന് പിന്നാലെ സിദ്ധരാമയ്യ. മുഖ്യമന്ത്രി പദവി രാജിവച്ചതിന് പിന്നാലെ നടത്തിയ വാർത്താസമ്മേളനത്തിലാണ് സിദ്ധരാമയ്യ തീരുമാനം പ്രഖ്യാപിച്ചത്. രാജ്യസഭാ സീറ്റ് നേതൃത്വം വാഗ്ദാനം ചെയ്തിരുന്നെന്നും എന്നാൽ താനത് നിരസിച്ചെന്നും സിദ്ധരാമയ്യ വിശദീകരിച്ചു. ‘‘ഹൈക്കമാൻഡ് രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തു. എന്നാൽ ഞാനത് നിരസിച്ചു. 1978ലാണ് ഞാൻ രാഷ്ട്രീയക്കാരനാവുന്നത്. കഴിഞ്ഞ 50 വർഷമായി ഞാൻ രാഷ്ട്രീയത്തിലുണ്ട്. കർണാടകയിലെ ജനങ്ങളെ സേവിക്കാൻ രണ്ടുവട്ടം അവസരം ലഭിച്ചു. സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും മല്ലികാർജുൻ ഖർഗെയ്ക്കും നന്ദി ’’ – സിദ്ധരാമയ്യ പറഞ്ഞു. പ്രതിപക്ഷത്തിനെതിരെ വാർത്താസമ്മേളനത്തിൽ സിദ്ധരാമയ്യ വിമർശനം ഉയർത്തി. പ്രതിപക്ഷം തനിക്കെതിരെ പലപ്പോഴും വ്യാജ പ്രചാരണങ്ങൾ നടത്തിയെന്ന് സിദ്ധരാമയ്യ ആരോപിച്ചു. ‘‘ഞാൻ ഒരിക്കലും സമ്പത്തിന്റെയോ അധികാരത്തിന്റെയോ പിറകേ ഓടിയിട്ടില്ല. എന്റെ ഭരണകാലത്ത് സാമ്പത്തിക പ്രശ്നങ്ങൾ പലരും പ്രവചിച്ചിരുന്നു. പ്രധാനമന്ത്രി പോലും ഞങ്ങളുടെ ഉറപ്പുകളെ വിമര്‍ശിച്ചു. എന്നാൽ കോൺഗ്രസ് പ്രഖ്യാപിച്ച 550 വാഗ്ദാനങ്ങളിൽ ഏകദേശം 300 എണ്ണം നടപ്പിലാക്കി. വെള്ളം, ഭൂമി തുടങ്ങിയ വിഷയങ്ങളിലെ പ്രശ്നങ്ങളിൽ ഒരിക്കലും വിട്ടുവീഴ്ചകൾക്ക് തയാറായിട്ടില്ല’’ – സിദ്ധരാമയ്യ വിശദീകരിച്ചു.


Source link

Back to top button