NEWS

‘ഇഡി റെയ്ഡുമായി കേരള പൊലീസിന് ബന്ധമില്ല, മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കണ്ടത് നടപടിക്രമങ്ങളുടെ ഭാഗം’

തിരുവനന്തപുരം: മുൻമുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമായ പിണറായി വിജയന്റെ വീട്ടിലെ ഇഡി റെയ്ഡിനെക്കുറിച്ച് കേരള പൊലീസിന് അറിയില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. റെയ്ഡ് വിവരം മുൻകൂട്ടി അറിയിച്ചിരുന്നില്ലെന്നും രമേശ് ചെന്നിത്തല മാദ്ധ്യമങ്ങളോട് പറഞ്ഞു.

‘ഈ റെയ്ഡുമായി ബന്ധപ്പെട്ട ഒരു വിവരവും കേരളത്തിലെ പൊലീസിനോ ആഭ്യന്തരത്തിനോ അറിയില്ല. ഞങ്ങളെ ആരും അറിയിച്ചിട്ടില്ല. റെയ്ഡിന് പൊലീസ് സഹായം തേടിയിട്ടില്ല. കേന്ദ്ര സേനയുടെ സഹായമാണ് ഇഡി തേടിയത്. അതുകൊണ്ട് തന്നെ അതുമായി ബന്ധപ്പെട്ട് ഒരു കാര്യവും അറിയില്ല. റെയ്ഡുമായി ബന്ധപ്പെട്ട ചോദ്യം ഇഡിയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് ചോദിക്കണം.

മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കണ്ടത് ഗവൺമെന്റ് നടപടികളുടെ ഭാഗമാണ്. പിണറായി വിജയൻ മുഖ്യന്ത്രിയായിരുന്നപ്പോൾ എത്രതവണ മോദിയെ കാണാൻ പോയിട്ടുണ്ട്. മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കണ്ടതും റെയ്ഡുമായി എന്തിനാണ് കൂട്ടിക്കുഴയ്ക്കുന്നത്. കോൺഗ്രസും ബിജെപി ചേർന്നെന്ന രീതിയിൽ പലരും പറയുന്നുണ്ട്. ഇത്തരം പരാമർശം ഒരു കടന്നകെെയാണ്. സിപിഎമ്മും ബിജെപിയും തമ്മിലായിരുന്നു ഏറ്രവും വലിയ ബന്ധം. ആ ബന്ധത്തിന് ഇപ്പോൾ എന്തുപറ്റി’- രമേശ് ചെന്നിത്തല പറഞ്ഞു.

അതേസമയം, ഇഡി റെയ്ഡ് രാഷ്ട്രീയ പ്രേരിതമാണെന്ന് മുൻ മന്ത്രി കെകെ ശൈലജ പ്രതികരിച്ചു. ഇത്തരം റെയ്ഡ് കൊണ്ട് സിപിഎമ്മിനെ ഇല്ലാതാക്കാൻ കഴിയില്ല. കോൺഗ്രസ്സിന്റെയും ബിജെപിയുടെയും ഒത്തുകളി ജനങ്ങൾ മനസ്സിലാക്കും. പിണറായിക്കും കുടുംബത്തിനും എതിരെയുള്ള ഗൂഢാലോചനയെ ശക്തമായി അപലപിക്കുക. സിപിഎമ്മിനെ കുടുതൽ കരുത്തുറ്റതാക്കാൻ അണിനിരക്കണമെന്നും ശൈലജ ഫേസ്ബുക്കിൽ കുറിച്ചു.


Source link
NEWS

Back to top button