NEWS
പിണറായിയുടെ വീട്ടിലെ റെയ്ഡ്: ഇ.ഡി ഉദ്യോഗസ്ഥർക്കെതിരെ മുദ്രാവാക്യം വിളിച്ച് സിപിഎം പ്രവർത്തകർ

കണ്ണൂർ ∙ പിണറായി വിജയന്റെ വീട്ടിൽ റെയ്ഡ് നടത്തുന്ന ഇ.ഡി ഉദ്യോഗസ്ഥർക്കെതിരെ മുദ്രാവാക്യം വിളിച്ച് സിപിഎം പ്രവർത്തകർ. ‘ആരാടാ ഈ ഇ.ഡി, ഇറങ്ങിവാടാ തെമ്മാടികളെ, ഞങ്ങടെ പ്രിയ സഖാക്കൻമാരെ തച്ചുതകർക്കാൻ നോക്കേണ്ട’, തുടങ്ങിയ മുദ്രാവാക്യങ്ങൾ വിളിച്ചാണ് പ്രതിഷേധിച്ചത്. പിണറായി പാണ്ഡ്യാല മുക്കിലെ പിണറായി വിജയന്റെ വീട്ടിലേക്ക് രാവിലെ ഏഴ് മണിയോടെയാണ് ഇ.ഡി ഉദ്യോഗസ്ഥരെത്തിയത്. എട്ട് മണിയോടെ റെയ്ഡ് തുടങ്ങി. മാധ്യമങ്ങളിൽ വാർത്ത വന്നതോടെയാണ് വിവരം അയൽവാസികൾ പോലും അറിഞ്ഞത്. ഇതോടെ പ്രവർത്തകർ പിണറായി വിജയന്റെ വീടിനു സമീപത്തേക്ക് എത്തി. ഇ.ഡിക്കെതിരെ മുദ്രാവാക്യം വിളിച്ച് വീടിനു മുന്നിൽ പ്രതിഷേധിച്ചു. പിന്നാലെ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജനും ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷും എത്തി.ബിജെപിയും കോൺഗ്രസും ചേർന്നുള്ള സംയുക്ത ഓപ്പറേഷന്റെ തുടക്കമാണ് റെയ്ഡ് എന്ന് പി. ജയരാജൻ പ്രതികരിച്ചു. രാഹുൽ ഗാന്ധി കേരളത്തിൽ പ്രചാരണത്തിന് വന്നപ്പോൾ പിണറായിെയ അറസ്റ്റ് ചെയ്യാത്തതെന്താണെന്ന് പരസ്യമായി ചോദിച്ചു. ബംഗാളിലും ത്രിപുരയിലും സിപിഎമ്മിനെ തകർക്കാനുള്ള പദ്ധതി സംഘപരിവാർ ആസൂത്രണം ചെയ്ത് നടപ്പാക്കി. അതിന്റെ തുടർച്ചയായി മാർക്സിസത്തെ ഉൻമൂലനം ചെയ്യുമെന്ന് നരേന്ദ്രമോദി തന്നെ പ്രഖ്യാപിച്ചതാണ്. തിരഞ്ഞെടുപ്പ് പരാജയത്തെത്തുടർന്ന് സിപിഎമ്മിനേയും ഇടതുപക്ഷത്തേയും തകർക്കാനുള്ള കൃത്യമായ ആസൂത്രണമാണ് നടന്നിട്ടുള്ളത്. കഴിഞ്ഞ ദിവസമാണ് മോദിയും മേനോൻ സതീശനും തമ്മിൽ കൂടിയാലോചന നടത്തിയത്. അതിന്റെ പിറ്റേ ദിവസം പിണറായിയുടെ വീട്ടിൽ റെയ്ഡ്. ഇത് കൃത്യമായ ആസൂത്രണമാണ്. അത് സമൂഹം തിരിച്ചറിയും എന്നാണ് വിശ്വസിക്കുന്നത്. ഇ.ഡി സംഘപരിവാറിന്റെ അനുബന്ധ വകുപ്പാണ്. അതിന്റെ ഇരകളാണ് രാജ്യത്തെ കോൺഗ്രസ് നേതാക്കൾ. സംഘപരിവാറിനെ എതിർക്കുന്ന എല്ലാ നേതാക്കൻമാരെയും കള്ളക്കേസിൽ പ്രതിചേർക്കാനുള്ള ഹീനമായ ശ്രമങ്ങൾ മനസ്സിലാക്കിയിട്ടുള്ളതാണ്. ഹീനമായ ശ്രമത്തിന്റെ കേരളത്തിലെ പുതിയ അധ്യായത്തിന്റെ തുടക്കമാണ് ഇ.ഡി ഓപ്പറേഷൻ. അത് സമൂഹം കൃത്യമായി തിരിച്ചറിയും. ഇടതുപക്ഷത്തെ തകർത്തുകൊണ്ടേ സംഘപരിവാറിന് േകരളത്തിൽ ആധിപത്യം ചെലുത്താൻ സാധിക്കൂ. അതിന് അന്തരീക്ഷമുണ്ടാക്കിക്കൊടുക്കുകയാണ് കോൺഗ്രസ് ചെയ്യുന്നത്. പിണറായിയെ തകർക്കാം എന്നത് വ്യാമോഹം മാത്രമാണെന്ന് കാലം തെളിയിക്കും. രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും ജയരാജൻ പറഞ്ഞു.
Source link


