NEWS

‘ശബരിമല കേസുകൾ പിൻവലിക്കണം, സ്വർണക്കൊള്ള സിബിഐ അന്വേഷിക്കണം’, ആവശ്യപ്പെട്ട് ബിജെപി

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ സിബിഐ അന്വേഷണം പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ബിജെപി എംഎൽഎമാർ മുഖ്യമന്ത്രിക്ക് കത്തുനൽകി. ശബരിമല പ്രക്ഷോഭത്തെ അടിച്ചമർത്താൻ ലക്ഷ്യമിട്ട് വിശ്വാസികൾക്ക് നേരെ ചുമത്തിയ മുഴുവൻ കേസുകളും സംസ്ഥാന സർക്കാർ പിൻവലിക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു. ശബരിമലസ്വർണ്ണക്കൊള്ളക്കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട പ്രതിപക്ഷ നേതാവായിരുന്ന വി.ഡി സതീശൻ മുഖ്യമന്ത്രിയായ ശേഷം രണ്ട് മന്ത്രിസഭാ യോഗങ്ങൾ കഴിഞ്ഞെങ്കിലും സിബിഐ അന്വഷണം സംബന്ധിച്ച പ്രഖ്യാപനം അനന്തമായി നീളുകയാണെന്ന് വി. മുരളീധരൻ എംഎൽഎ കുറ്റപ്പെടുത്തി. ആചാരസംരക്ഷണ സമരത്തിന്റെ ഭാഗമായവർക്കെതിരായ കേസുകൾ ഉടൻ പിൻവലിക്കണമെന്ന ആവശ്യവും മുഖ്യമന്ത്രിയോട് ഉന്നയിച്ചതായി വി മുരളീധരൻ അറിയിച്ചു.

ശബരിമല യുവതീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് കേരളത്തിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന 2624 കേസുകളിലായി 29,119 പേർ പ്രതികളാണ്. ഇതിൽ ‘ഗുരുതരമല്ലാത്ത’ 1047 കേസുകൾ പിൻവലിക്കാനാണ് നിലവിൽ സർക്കാർ ആലോചിക്കുന്നത്. ശബരിമല ആചാര സംരക്ഷണത്തിന്റെ ഭാഗമായി സമരം ചെയ്ത വിശ്വാസികൾക്കെതിരെ ചുമത്തപ്പെട്ട കേസുകളിൽ ഗുരുതരം, ഗുരുതരം അല്ലാത്തത് എന്ന വേർതിരിവ് മുൻ സർക്കാരിന്റെ താൽപ്പര്യപ്രകാരം പൊലീസ് ഉദ്യോസ്ഥർ ചെയ്തതാണെന്നും സമരത്തിന്റെ ഭാഗമായ കേസുകളിൽ ഇത്തരത്തിലുള്ള വേർതിരിവ് അശാസ്ത്രീയവും വിശ്വാസി സമൂഹത്തിന് എതിരുമാണെന്നും ബിജെപി എംഎൽഎമാർ വാദിക്കുന്നു.

വിശ്വാസ സമൂഹത്തിന് നീതി ലഭിക്കണമെങ്കിൽ, ഈ വിഷയവുമായി ബന്ധപ്പെട്ട മുഴുവൻ കേസുകളും നിരുപാധികം പിൻവലിക്കാൻ സർക്കാർ തയ്യാറാകണം. അല്ലാത്തപക്ഷം, കഴിഞ്ഞ എട്ട് വർഷമായി കോൺഗ്രസ് കേരളത്തിലെ ജനങ്ങളോട് പറഞ്ഞത് മുഴുവൻ വാഗ്ദാനങ്ങളും വ്യാജമായിരുന്നു എന്ന് ജനങ്ങൾക്ക് ബോദ്ധ്യപ്പെടുമെന്നും ബിജെപി എംഎൽഎമാരായ രാജീവ് ചന്ദ്രശേഖർ, വി മുരളീധരൻ, ബി.ബി ഗോപകുമാർ എന്നിവർ മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ പറയുന്നു.

ശബരിമലയിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള ആചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കാൻ വേണ്ടി, ശരണമന്ത്രങ്ങളുമായി തെരുവിലിറങ്ങിയത് കേരളത്തിലെ സാധാരണക്കാരായ അയ്യപ്പഭക്തരാണ്. അവരുടെ നെഞ്ചിലെ എരിയുന്ന വേദനയെയും വിശ്വാസത്തെയും ഉൾക്കൊള്ളുന്നതിന് പകരം, ഭരണകൂടം അവർക്ക് സമ്മാനിച്ചത് ആയിരക്കണക്കിന് കള്ളക്കേസുകളാണ്. ഇന്ന് ആ കേസുകളുടെ പേരിൽ കോടതി കയറിയിറങ്ങുന്നത് നമ്മുടെ നാട്ടിലെ ആയിരക്കണക്കിന് യുവാക്കളും സാധാരണ കുടുംബങ്ങളിലെ അംഗങ്ങളുമാണ്. പ്രതി ചേർക്കപ്പെട്ടവർ യാതൊരു വിധത്തിലുള്ള ക്രിമിനൽ പശ്ചാത്തലവും ഇല്ലാത്തവരാണ്. ഈ കേസുകൾ വെറുമൊരു നിയമപ്രശ്നമല്ല, മറിച്ച് ഒരു ജനവിഭാഗത്തോടുള്ള ഭരണകൂടത്തിന്റെ വൈരാഗ്യബുദ്ധിയായാണ് കേരളത്തിലെ ജനങ്ങൾ ഇതിനെ നോക്കിക്കാണുന്നത്.

യുഡിഎഫ് പ്രതിപക്ഷത്തായിരിക്കുമ്പോൾ ആവശ്യപ്പെട്ട ശബരിമല സ്വർണ്ണക്കൊള്ള കേസിലെ സിബിഐ അന്വേഷണം അടിയന്തിരമായി നടപ്പിലാക്കണം. ഈ ഗൂഢാലോചനയിൽ ഉൾപ്പെട്ട എല്ലാ പ്രതികളെയും കണ്ടെത്തി കുറ്റവാളികളായ മുഴുവൻ പേർക്കും മതിയായ ശിക്ഷ ഉറപ്പാക്കാൻ കാര്യക്ഷമമായ അന്വേഷണത്തിലൂടെ മാത്രമേ സാധിക്കൂ. മുൻ ദേവസ്വം ബോർഡ് പ്രസിഡന്റുമാരും ബോർഡിലെ ഉന്നതരും പ്രതികളായ ശബരിമല സ്വർണ്ണക്കൊള്ളക്കേസ് കൂടുതൽ ആഴത്തിൽ അന്വേഷിക്കേണ്ടതുണ്ട്.

സംസ്ഥാനത്തെ രണ്ട് മുൻ ദേവസ്വം മന്ത്രിമാർക്കെതിരെ ഉയർന്ന ആരോപണങ്ങളും അന്വേഷണ പരിധിയിൽ വരണം. കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കോൺഗ്രസ് നേതാവ് സോണിയാഗാന്ധി അടക്കമുള്ളവരുമായുള്ള ബന്ധം അടക്കം അന്വേഷിക്കണം. ഹൈക്കോടതി ഉന്നയിച്ച കേസിലെ രാജ്യാന്തര ബന്ധവും അന്വേഷിക്കേണ്ടതുണ്ട്. അതിനാൽ, ഈ കേസിൽ ഉടൻ സിബിഐ അന്വേഷണം പ്രഖ്യാപിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്നും ബിജെപി എംഎൽഎമാർ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതായി വി. മുരളീധരൻ അറിയിച്ചു.


Source link
NEWS

Back to top button