test del 2
അപ്പപ്പോൾ വിവരംനൽകും, ഹോർമുസിന്റെ കാര്യം നോക്കാൻ പുതിയ സംവിധാനമുണ്ടാക്കി ഇറാൻ; ലക്ഷ്യം പരമാധികാരം

ടെഹ്റാൻ: ഹോർമുസ് കടലിടുക്കിന്റെ കാര്യങ്ങൾ നോക്കിനടത്താൻ പുതിയ സംവിധാനമുണ്ടാക്കിയതായി ഇറാന്റെ പരമോന്നത സുരക്ഷാസമിതി തിങ്കളാഴ്ച അറിയിച്ചു. പേർഷ്യൻ ഗൾഫ് സ്ട്രെയ്റ്റ് അതോറിറ്റി (പി.ജി.എസ്.എ.) എന്നാണ് ഇതിനുപേര്.ഹോർമുസ് കടലിടുക്കിലെ നടപടികളെയും പുതിയ സംഭവവികാസങ്ങളെയും കുറിച്ച് പി.ജി.എസ്.എ. സമയാസമയം വിവരംനൽകുമെന്ന് സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ ഔദ്യോഗിക ‘എക്സ്’ അക്കൗണ്ടിലൂടെ അറിയിച്ചു. ഇസ്ലാമിക് റെവലൂഷണി ഗാർഡ് കോറിന്റെ നാവികവിഭാഗവും ഇതേകാര്യം ‘എക്സി’ലൂടെ പുറത്തുവിട്ടു.എന്നാൽ, പി.ജി.എസ്.എ. എന്താണ് ചെയ്യുകയെന്നകാര്യം വ്യക്തമല്ല. ഹോർമുസ് കടലിടുക്കിനുമേൽ പരമാധികാരം പ്രയോഗിക്കുന്നതിനായി ഇറാൻ ഒരു സംവിധാനമുണ്ടാക്കുന്നതായി ഇറാനിയൻ മാധ്യമമായ ‘പ്രസ് ടി.വി.’ റിപ്പോർട്ടുചെയ്തിരുന്നു.യു.എസും ഇസ്രയേലും ചേർന്ന് ഫെബ്രുവരി 28-ന് ആക്രമിച്ചതിനുപിന്നാലെയാണ് ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചത്. ഏപ്രിൽ എട്ടിന് വെടിനിർത്തൽ പ്രാബല്യത്തിലായെങ്കിലും ഹോർമുസിലെ സംഘർഷത്തിന് അയവില്ല. ഇതുവഴി ഇറാന്റെ തുറമുഖത്തേക്ക് പോക്കുവരവു നടത്തുന്ന കപ്പലുകളെ യു.എസ്. നാവികസേനയും തടയുന്നുണ്ട്. ലോകത്തെ ഇന്ധനഗതാഗതത്തിന്റെ അഞ്ചിലൊന്നും നടന്നിരുന്നത് ഹോർമുസ് കടലിടുക്കിലൂടെയാണ്. ഇത് അടച്ചത് ആഗോളതലത്തിൽ ഇന്ധനവിലക്കയറ്റത്തിന് ഇടയാക്കിയിരിക്കുകയാണ്.
Source link


