test del 4 copy of del 3
ചിതറിക്കിടക്കുന്ന ചെരിപ്പുകൾ, ഫുട്ബോൾ, തെറിച്ചുവീണ അവശിഷ്ടങ്ങൾ…; കണ്ടുനിന്നവരെയെല്ലാം നൊമ്പരപ്പെടുത്തി ആ കാഴ്ച

അഴീക്കോട് ∙ കൂട്ടുകാരെല്ലാം ഒത്തുചേർന്ന് ആരവമുയർത്തിയ മൈതാനം പൊടുന്നനെയാണ് ശോകമൂകമായത്. മൈതാനത്ത് ചിതറിക്കിടക്കുന്ന ചെരിപ്പുകൾ, ഫുട്ബോൾ, പടക്കത്തിന്റെ തെറിച്ചുവീണ അവശിഷ്ടങ്ങൾ… കണ്ടുനിന്നവരെയെല്ലാം നൊമ്പരപ്പെടുത്തുന്നതായിരുന്നു ആ കാഴ്ച. പുന്നക്കപ്പാറയിൽ നിക്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിനു എതിർവശത്തെ മൈതാനത്ത് കളിക്കുന്നതിനിടെ പടക്കം പൊട്ടിത്തെറിച്ച് 9 വയസ്സുകാരൻ അമാൻ മരിച്ചതിന്റെ വേദനയിലാണ് നാടൊന്നാകെ. വിവരമറിഞ്ഞ് തടിച്ചുകൂടിയവർ കണ്ണീരണിഞ്ഞു. ഓടിയെത്തിയ അഗ്നിരക്ഷാസേനയിലെ റിട്ട. ഉദ്യോഗസ്ഥൻ ടി.മുസ്തഫ അമാനെയെടുത്ത് റോഡിലേക്കോടി. ഇൗ സമയം കഴുത്തിന്റെ ഭാഗത്തുനിന്നു ചോര വാർന്നൊലിക്കുന്നുണ്ടായിരുന്നു. മുസ്തഫയും സ്ഥലത്തെത്തിയ പരിസരവാസിയായ മത്സ്യത്തൊഴിലാളി വി.പി.പ്രശാന്തും ചേർന്നാണ് ആശുപത്രിയിലെത്തിച്ചത്. കുരുന്നുകളുടെ അശ്രദ്ധ നാടിന്റെയും കുടുംബത്തിന്റെയും തീരാനോവായി മാറുകയായിരുന്നു. കെ.വി.സുമേഷ് എംഎൽഎ, കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പ്രശാന്തൻ എന്നിവർ സ്ഥലം സന്ദർശിച്ചു. ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം രാവിലെ പതിനൊന്നോടെ എത്തിക്കുന്ന മൃതദേഹം പൊതുദർശനത്തിനു ശേഷം പന്ത്രണ്ടോടെ വൻകുളത്തുവയൽ ജുമാമസ്ജിദിൽ കബറടക്കും.ഇന്നലെ ഉച്ചയ്ക്ക് 12ന് പുന്നക്കപ്പാറ ഉജ്റ പള്ളിക്കു സമീപത്താണു സംഭവം. കഴിഞ്ഞദിവസം അയൽവീട്ടിൽ വിവാഹത്തോടനുബന്ധിച്ച് പടക്കംപൊട്ടിച്ചിരുന്നു. ഇവിടെനിന്നും തിരഞ്ഞെടുപ്പ് അഹ്ലാദപ്രകടനങ്ങളിലെയും പൊട്ടാത്തപടക്കങ്ങൾ പെറുക്കി അവയിലെ വെടിമരുന്ന് കുട്ടികൾ ശേഖരിച്ചു. പിറന്നാൾ ആഘോഷങ്ങൾക്കുംമറ്റും ഉപയോഗിക്കുന്ന പോപ്പറിന്റെ കുറ്റിയിൽ വെടിമരുന്ന് നിറച്ചു. കുറ്റി മൈതാനത്തെ ചെങ്കല്ലുകൾക്കിടയിൽവച്ച് തീകൊളുത്തുകയായിരുന്നു. ചെങ്കല്ലുൾപ്പെടെ പൊട്ടിത്തെറിച്ചു. അമാന് മുഖത്താണു പരുക്കേറ്റത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Source link


