NEWS

ശബരിമല സ്വർണക്കൊള്ള: എസ്.ഐ.ടിക്ക് രണ്ടാഴ്ച കൂടി


കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസന്വേഷണം പൂർത്തിയാക്കാൻ പ്രത്യേക അന്വേഷണ സംഘത്തിന് ഹൈക്കോടതി രണ്ടാഴ്ച കൂടി അനുവദിച്ചു. ലോഹപ്പാളികളുടെ ശാസ്ത്രീയ പരിശോധനാഫലം ജംഷഡ്പൂരിലെ നാഷണൽ മെറ്റലർജിക്കൽ ലബോറട്ടറിയിൽ നിന്ന് ലഭിക്കാൻ 10 ദിവസം കൂടി വേണമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ എസ്. ശശിധരൻ അറിയിച്ച സാഹചര്യത്തിലാണിത്. പുതിയ കേസുകൾ രജിസ്റ്റർ ചെയ്യുന്നതും പ്രതികളെ നിശ്ചയിക്കുന്നതും ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകുമെന്നും എസ്.ഐ.ടി അറിയിച്ചു.രാജ്യത്തെ മറ്റ് ലാബുകളിൽ ഇത്തരം പരിശോധനകൾ ലഭ്യമല്ലാത്തതിനാൽ കുറ്റകൃത്യത്തിന്റെ വ്യാപ്തി അറിയാൻ റിപ്പോർട്ട് അനിവാര്യമാണെന്നു ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരുൾപ്പെട്ട ദേവസ്വംബെഞ്ച് വ്യക്തമാക്കി. അന്വേഷണ പുരോഗതി റിപ്പോർട്ട് ഇന്നലെ കോടതിയിൽ സമർപ്പിച്ചു.ജംഷഡ്പൂർ ലാബിലേക്ക് 36 സാമ്പിളുകളാണ് അയച്ചത്. എക്സ് റേ ഫ്ലൂറസെൻസ് സ്പെക്ട്രോസ്കോപ്പി , ഇൻഡക്ടീവ് കപ്പിൾഡ് പ്ലാസ്മ മാസ് സ്പെക്ട്രോമെട്രി, ഒപ്റ്റിക്കൽ എമിഷൻ സ്പെക്ട്രോസ്കോപ്പി തുടങ്ങിയ സങ്കീർണ പരിശോധനകളാണ് നടക്കുന്നത്. ഇതിന്റെ റിപ്പോർട്ട് ലഭിച്ചാലേ പൂശിയ സ്വർണത്തിന്റെ അളവ്, ചെമ്പ് തകിടുകളിൽ മാറ്റം വരുത്തിയോ തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വരൂവെന്ന് എസ്.ഐ.ടി കോടതിയെ അറിയിച്ചു.2025 സെപ്തംബറിൽ ദ്വാരപാലക ശില്പങ്ങളിലെ സ്വർണം പൊതിഞ്ഞ ചെമ്പുതകിടുകൾ നീക്കിയതിൽ ആർക്കെല്ലാം പങ്കുണ്ടെന്നും ഇതിനു ശേഷമേ വിലയിരുത്താനാകൂ.


Source link
NEWS

Back to top button