സത്യപ്രതിജ്ഞാ ചടങ്ങിന് പ്രവേശനം ഒൻപത് മണിവരെ, വിവിഐപികൾക്കും വേദിയിൽ ഇരിപ്പിടം വേണമെന്ന് അനുമതി തേടി സർക്കാർ

തിരുവനന്തപുരം: ഒന്നര പതിറ്റാണ്ടിന് ശേഷം സംസ്ഥാനത്ത് യുഡിഎഫ് നയിക്കുന്ന ഒരു മന്ത്രിസഭ ഇന്ന് അധികാരമേൽക്കുകയാണ്. കൃത്യം 10 മണിയ്ക്ക് തന്നെ ചടങ്ങുകൾ ആരംഭിക്കും. ഒൻപത് മണിവരെയാണ് സത്യപ്രതിജ്ഞ നടക്കുന്ന സെൻട്രൽ സ്റ്റേഡിയത്തിൽ ജനങ്ങൾക്ക് പ്രവേശിക്കാനാകുക. തമിഴ്നാട്ടിൽ വിജയ് സർക്കാർ സത്യപ്രതിജ്ഞ ചെയ്തത് പോലെ വേദിയിൽ വിവിഐപികൾക്കും പ്രവേശനം അനുവദിക്കണെന്ന് സർക്കാർ ലോക്ഭവനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞദിവസം ലോക്ഭവൻ നൽകിയ നിർദ്ദേശം അനുസരിച്ച് ഗവർണറും മുഖ്യമന്ത്രിയും മന്ത്രിമാരും മാത്രം വേദിയിൽ മതിയെന്നായിരുന്നു തീരുമാനം. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസിന്റെയും മറ്റും വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ, മറ്റ് വിശിഷ്ടാതിഥികൾ എന്നിവരുണ്ടാകുമെന്ന് പ്രോട്ടോകോൾ വിഭാഗം ഗവർണറെ അറിയിച്ചതിന് പിന്നാലെയാണ് വേദിയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും ചീഫ് സെക്രട്ടറിയും മതിയെന്ന് നിർദ്ദേശം വന്നത്. നിലവിൽ സെൻട്രൽ സ്റ്റേഡിയവും പരിസരവും സത്യപ്രതിജ്ഞ കാണാൻ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിയവരെക്കൊണ്ട് നിറഞ്ഞുകവിഞ്ഞു. കാണികൾക്ക് എളുപ്പത്തിനായി വലിയ സ്ക്രീനുകളിലും ചടങ്ങ് വീക്ഷിക്കാനാകുമെന്ന് സംഘാടകർ അറിയിച്ചിട്ടുണ്ട്.
Source link
NEWS


