കൊടുംചൂടിൽ കേരളത്തിൽ നടന്നത് 400 കോടി രൂപയുടെ ബിസിനസ്, തുണയായത് ഇക്കാര്യങ്ങൾ

കോട്ടയം: കൊടുംചൂടിൽ ഇരട്ടിമധുരം നുണഞ്ഞ് ഐസ്ക്രീം വിപണി. വേനൽക്കാല സീസണിൽ മലയാളി കഴിച്ചത് 400 കോടിയുടെ ഐസ്ക്രീം. മുൻവർഷത്തെ അപേക്ഷിച്ച് 30 ശതമാനത്തിന്റെ അധികവരുമാനവുമുണ്ടായി.
ജനുവരി പാതിയോടെ ചൂട് തുടങ്ങിയതാണ് വിപണിക്ക് ഗുണമായത്. ഇതിന് പുറമേ ഉത്സവസീസണും വേനലവധിയും തുണയായി. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ വില്പന പൊടിപൊടിച്ചു. പലർക്കും ആവശ്യത്തിന് എത്തിച്ചുനൽകാനും കഴിയാതെ വന്നു. ഐസ്ക്രീം പാർലറുകളുടെ എണ്ണവും കൂടി. കുടുംബത്തോടൊപ്പമെത്തി ഐസ്ക്രീം കഴിക്കുന്ന സംസ്കാരം വ്യാപകമായതും വിപണിക്ക് ഊർജ്ജമായി. ഫാമിലി പായ്ക്കുകളുടെ അളവും ഇക്കുറി കമ്പനികൾ കൂട്ടിയിരുന്നു. 18 ശതമാനമായിരുന്ന ജി.എസ്.ടി 5 ശതമാനമാക്കിയതും തുണയായി. വില കുറഞ്ഞത് വില്പനയിൽ പ്രതിഫലിച്ചു.
കല്ലുകടിയായി യുദ്ധം
പശ്ചിമേഷ്യൻ യുദ്ധപശ്ചാത്തലത്തിൽ അസംസ്കൃത വസ്തുക്കളുടെ ക്ഷാമം ഐസ്ക്രീം വ്യവസായത്തെയും ബാധിച്ചു. സാഹചര്യം മറിച്ചായിരുന്നെങ്കിൽ വിറ്റുവരവ് 500 കോടി തൊട്ടേനെയെന്നും ഈ മേഖലയിലുള്ളവർ പറയുന്നു. മാർച്ച് ആദ്യവാരമായിരുന്നു യുദ്ധമെങ്കിലും വിപണിയിൽ പ്രതിഫലിച്ചത് ഒരുമാസത്തിന് ശേഷമാണ്.
പാചകവാതക പ്രതിസന്ധി കോൺ ഉൾപ്പെടെയുള്ളവയുടെ നിർമ്മാണത്തെ ബാധിച്ചു. വിപണിയിലേക്ക് ആവശ്യമുള്ള അത്രയും എത്തിക്കാൻ കമ്പനികൾക്ക് കഴിഞ്ഞില്ല.
പാക്കിംഗ് ഉത്പന്നങ്ങളുടെ വില വർദ്ധിച്ചു.
പേപ്പർ ഫോയിൽ, പ്ലാസ്റ്റിക് കപ്പ് എന്നിവയുടെ നിർമ്മാണ ചെലവും വർദ്ധിച്ചു.
ഈസ്റ്ററിന് ശേഷം വിവാഹ സീസൺ സജ്ജീവമായതോടെ ആവശ്യത്തിന് അനുസരിച്ച് ഐസ്ക്രീം എത്തിക്കാനും കഴിഞ്ഞില്ല.
Source link


