കാർ കത്തി ഗർഭിണിയുടെ മരണം തീപിടിച്ചതിന്റെ കാരണം കണ്ടെത്താൻ ഫോറൻസിക് പരിശോധന

കോഴിക്കോട്: പേരാമ്പ്രയിൽ ഓടിക്കൊണ്ടിരുന്ന സ്വിഫ്ട് കാറിന് തീപിടിച്ച് ഗർഭിണി മരിച്ച സംഭവത്തിൽ ഫോറൻസിക് വിഭാഗവും പൊലീസും അന്വേഷണം ആരംഭിച്ചു. അപകട കാരണം കണ്ടെത്തുന്നതിനൊപ്പം കാറിൽ പെട്രോൾ,ഡീസൽ മറ്റെന്തെങ്കിലും തീപിടിത്ത സാദ്ധ്യതയേറിയ വസ്തുക്കൾ എന്നിവ ഉണ്ടായിരുന്നോ എന്നും പരിശോധിക്കും.കാറിന്റെ ഉൾവശമാണ് കൂടുതലും കത്തിയത്. ബോണറ്റ്,എൻജിൻ തുടങ്ങിയ ഭാഗങ്ങൾ കൂടുതലായി കത്തിയിട്ടില്ല. ഫോറൻസിക് റിപ്പോർട്ട് കിട്ടിയാലേ തീപിടിത്ത കാരണം പറയാനാകൂവെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ മേപ്പയൂർ ഇൻസ്പെക്ടർ എ.അജീഷ് പറഞ്ഞു. വെള്ളിയാഴ്ച രാത്രി ഒമ്പതോടെയാണ് പേരാമ്പ്ര ചെറുവണ്ണൂർ കക്കറമുക്ക് റോഡിലുണ്ടായ അപകടത്തിൽ എട്ടുമാസം ഗർഭിണിയായ പൂവത്തുംചാലിൽ സോന (28) വെന്തുമരിച്ചത്. സോനയെ ആശുപത്രിയിൽ കാണിച്ച് തിരികെ വരുമ്പോഴായിരുന്നു അപകടം.കാറോടിച്ചിരുന്ന ഭർത്താവ് രജിൻലാൽ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലാണ്. വിദേശത്തായിരുന്ന രജിൻലാൽ ഒരുമാസം മുമ്പാണ് നാട്ടിലെത്തിയത്. മൂന്നുവർഷം മുമ്പ് വിവാഹിതരായ ഇവർ ആദ്യത്തെ കൺമണിക്കായുള്ള കാത്തിരിപ്പിലായിരുന്നു. പാലേരി കുയിമ്പിൽപ്പാലം കല്ലിക്കണ്ടിമീത്തൽ ശ്രീനിവാസന്റെയും വസന്തയുടെയും മകളാണ് സോന. സഹോദരൻ സോനു.
Source link
NEWS


