കേരളത്തിലേക്ക് ഹെറോയിൻ ഒഴുക്ക്

കൊച്ചി: ഒറ്റത്തവണ ഉപയോഗിച്ചാൽ പോലും അടിമപ്പെട്ടുപോകുന്ന മയക്കുമരുന്നായ ഹെറോയിൻ അന്യസംസ്ഥാന തൊഴിലാളികൾക്കിടയിൽ വ്യാപകം. എറണാകുളം പെരുമ്പാവൂരിലടക്കം പരസ്യമായ ഉപയോഗമാണ്. പശ്ചിമ ബംഗാൾ, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ നിന്ന് അകംപൊള്ളയായ ശില്പങ്ങളിലും സോപ്പ് പെട്ടിക്കുള്ളിലുമെല്ലാം ഒളിപ്പിച്ചാണ് എത്തിക്കുന്നത്. ഹോമിയോ ഗുളികക്കുപ്പികളുടെ പകുതിപോലുമില്ലാത്ത ചെറിയ പ്ളാസ്റ്റിക് കുപ്പികളിലാണ് ചില്ലറ കച്ചവടം. എക്‌സൈസ്, പൊലീസ് പരിശോധനകളിൽ ചെറുകുപ്പികൾ പലപ്പോഴും കണ്ടെത്താൻ കഴിയാറില്ല.കഴിഞ്ഞ ദിവസം അങ്കമാലിയിൽ 600 ഗ്രാം ഹെറോയിൻ 47 സോപ്പ് പെട്ടികൾക്കുള്ളിൽ ഒളിപ്പിച്ചുകൊണ്ടുവന്ന മൂന്ന് അസാം സ്വദേശികളെ പിടികൂടിയിരുന്നു. അസാം, പശ്ചിമ ബംഗാൾ സ്വദേശികളാണ് പ്രധാന ഏജന്റുമാർ. ഒരു കിലോ ഹെറോയിന് കാൽ കോടിയോളം രൂപ വില വരും. ഗ്രാമിന് 2000–3000 വരെ രൂപയ്‌ക്ക് വാങ്ങി മൂന്നും നാലും ഇരട്ടി നിരക്കിലാണ് കൈമാറുന്നത്. കുറഞ്ഞ അളവിൽ കൂടുതൽ ലാഭം നൽകുന്നതും ഹെറോയിനാണ്.കറുപ്പിൽ നിന്നാണ് ഹെറോയിൻ വേർതിരിച്ചെടുക്കുന്നത്. ഏറ്റവുമധികം കറുപ്പ് കൃഷിയുള്ളത് അഫ്ഗാനിസ്ഥാനിലാണ്. ഇന്ത്യയിലേക്ക് മ്യാൻമർ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നാണ് പ്രധാനമായും കടത്തിക്കൊണ്ടുവരുന്നത്. ഇതിലേറെയും മായം ചേർത്തതും വ്യാജവുമാണ്.
Source link


