test del 2
ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്താന് ചൈനയുടെ സഹായംകിട്ടിയെന്ന് സ്ഥിരീകരണം; ചുട്ട മറുപടിയുമായി ഇന്ത്യ

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി പാകിസ്താനെതിരേ ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ സൈനികാക്രമണ സമയത്ത് പാകിസ്താന് ചൈനയുടെ സഹായങ്ങൾ ലഭ്യമായിരുന്നതായി റിപ്പോർട്ട്. ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തിനിടെ, പാകിസ്താന്റെ യുദ്ധവിമാനങ്ങൾക്ക് ചൈനീസ് എഞ്ചിനീയർമാർ സാങ്കേതിക സഹായം നൽകിയതായി ചൈനീസ് മാധ്യമങ്ങൾ സ്ഥിരീകരിച്ചു.സംഘർഷത്തിനിടെ പാകിസ്താൻ വ്യോമസേനയുടെ ജെ-10സിഇ യുദ്ധവിമാനങ്ങൾക്ക് ചൈനീസ് എഞ്ചിനീയറായ ഷാങ് ഹെങ് ഓൺ-സൈറ്റ് സാങ്കേതിക സഹായം നൽകിയതായി ചൈനീസ് സ്റ്റേറ്റ് ബ്രോഡ്കാസ്റ്ററായ സിസിടിവി റിപ്പോർട്ട് ചെയ്തു. പാക് സൈനികരുമായി തോളോട് തോൾചേർന്ന് പ്രവർത്തിച്ചതായും യുദ്ധവിമാനങ്ങളുടെ പൂർണമായ പ്രഹരശേഷി ഉറപ്പാക്കാൻ തങ്ങൾ പ്രയത്നിച്ചതായും ഷാങ് ഹെങ് അഭിമുഖത്തിൽ വെളിപ്പെടുത്തി.അതേസമയം, ചൈനയുടെ ഈ സഹായം നേരത്തെതന്നെ ഇന്ത്യയ്ക്ക് അറിയാമായിരുന്നുവെന്നും പുതിയ റിപ്പോർട്ടുകൾ അത് ശരിവെക്കുക മാത്രമാണ് ചെയ്യുന്നതെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു. ഭീകരവാദ കേന്ദ്രങ്ങളെ സംരക്ഷിക്കുന്ന ചൈനയുടെ നിലപാട് അന്താരാഷ്ട്ര തലത്തിൽ അവരുടെ അന്തസ്സിനെ എങ്ങനെ ബാധിക്കുമെന്ന് ബീജിങ് ആത്മപരിശോധന നടത്തണമെന്ന് ഇന്ത്യ പ്രതികരിച്ചു.പാകിസ്താൻ സൈന്യം ഉപയോഗിക്കുന്ന യുദ്ധോപകരണങ്ങളുടെ 81 ശതമാനവും ചൈനീസ് നിർമിതമാണ്. ചൈന തങ്ങളുടെ സൈനിക സാങ്കേതികവിദ്യ പരീക്ഷിക്കാനുള്ള ഒരു ‘ലൈവ് ലാബ്’ ആയി പാകിസ്താനെ ഉപയോഗിക്കുകയാണെന്ന് ഇന്ത്യൻ സൈന്യം മുന്പ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സ്റ്റോക്ക്ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ കണക്കുകൾ പ്രകാരം 2015 മുതൽ 8.2 ബില്യൺ ഡോളറിന്റെ ആയുധങ്ങളാണ് ചൈന പാകിസ്താന് വിറ്റഴിച്ചത്.
Source link


