LATEST

എസ്‌കലേറ്റർ തിരിച്ചുകറങ്ങി; തെറിച്ചുവീണ യാത്രക്കാർക്ക് പരിക്കേറ്റു


തിരുവനന്തപുരം: തമ്പാനൂർ റെയിൽവേ സ്റ്റേഷനിലെ നാലാമത്തെ പ്ലാറ്റ്‌ഫോമിൽ യാത്രക്കാരുമായി മുകളിലേക്ക് പോകുകയായിരുന്ന എക്‌സലേറ്റർ തിരിച്ച് കറങ്ങി. അപകടത്തിൽ യാത്രക്കാർ തെറിച്ചുവീണു. ഇന്നലെ രാവിലെ 10 മണിയോടെയാണ് സംഭവം. വഞ്ചിനാട് എക്‌സ്പ്രസിൽ വന്ന യാത്രക്കാരായ ധന്യ,അമ്പിളി എന്നിവർക്കാണ് പരിക്കേറ്റത്. റെയിൽവേ എയ്ഡ് പോസ്റ്റിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം ഇവരെ വിദഗ്ദ്ധചികിത്സയ്ക്കായി ജനറൽ ആശുപത്രിയിലേക്ക് മാറ്റി. കൈയ്ക്കും കാലിനും പരിക്കേറ്റ ഇവർ ആശുപത്രിവിട്ടു. വീഴ്ചയിൽ മറ്റു യാത്രക്കാർക്കും നിസാര പരിക്കേറ്റിരുന്നു. നാലാമത്തെ പ്ലാറ്റ്ഫോമിൽ നിന്നും ഒന്നാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്താനായി യാത്രക്കാർ എസ്‌കലേറ്ററിൽ കയറിയപ്പോഴാണ് അപകടം. മുകളിലേക്ക് നീങ്ങിയ എസ്‌കലേറ്റർ പെട്ടെന്ന് നിൽക്കുകയും വലിയ ശബ്ദത്തോടെ താഴേക്ക് തിരിഞ്ഞു കറങ്ങുകയുമായിരുന്നു. യാത്രക്കാർ പരിഭ്രാന്തരായി. യാത്രക്കാർ നിയന്ത്രണം തെറ്റി താഴെ നിന്ന യാത്രക്കാരുടെ മുകളിലേക്ക് വീണു. പെട്ടെന്ന് ഒരു യാത്രക്കാരൻ എമർജൻസി സ്വിച്ച് അമർത്തി എസ്‌കലേറ്ററിന്റെ പ്രവർത്തനം നിറുത്തുകയായിരുന്നു. വഞ്ചിനാടിൽ വന്നിറങ്ങിയ ഓഫീസുകളിലേക്ക് പോകാനുള്ളവരുടെ തിരക്കാണ് അഞ്ചാമത്തെ പ്ലാറ്റ്ഫോമിലുണ്ടായത്. അപകടമുണ്ടായിട്ടുപോലും സഹായിക്കാൻ ആർ.പി.എഫുകാർ എത്തിയില്ലെന്നാണ് യാത്രക്കാരുടെ പരാതി. റെയിൽവേ ജീവനക്കാരും യാത്രക്കാരെ തിരിഞ്ഞുനോക്കിയില്ല. ഇവിടെ എസ്‌കലേറ്റർ തകരാറിലാകുന്നത് പതിവാണെന്ന് യാത്രക്കാർ ആരോപിച്ചു.സമയബന്ധിതമായി അറ്റകുറ്റപ്പണി നടത്താത്തതാണ് കാരണം. എസ്‌കലേറ്റർ പ്രവർത്തനം താത്കാലികമായി നിറുത്തിവച്ചതായി റെയിൽവേ അറിയിച്ചു. അന്വേഷണം തുടങ്ങിയെന്ന് റെയിൽവേഎസ്‌കലേറ്റർ അപകടത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് റെയിൽവേ. കൂടുതൽ യാത്രക്കാർ കയറിയതും എമർജെൻസി സ്വിച്ച് പെട്ടെന്ന് അമർത്തിയതുമാണ് യാത്രക്കാർ തെറിച്ചുവീഴാൻ കാരണം. എക്‌സലേറ്റർ കമ്പനി അധികൃതരെ വിളിച്ചുവരുത്തി തകരാർ പരിഹരിക്കാനുള്ള നിർദ്ദേശം നൽകി. ആർ.പി.എഫും റെയിൽവേ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചിട്ടുണ്ട്.


Source link

Back to top button