test del 3
വിമാനത്താവളത്തിലെ സ്വർണക്കടത്ത്: പിടികൂടുന്ന സ്വർണത്തിൽ കൃത്രിമം, ഉദ്യോഗസ്ഥർക്ക് തോന്നിയപടി എഴുതിച്ചേർക്കൽ

കോഴിക്കോട് ∙ രാജ്യാന്തര വിമാനത്താവളത്തിലെ സ്വർണക്കടത്തു കേസുകളുമായി ബന്ധപ്പെട്ടു ചില നിർണായക തെളിവുകൾ കസ്റ്റംസിനു ലഭിച്ചു. പിടികൂടുന്ന സ്വർണത്തിന്റെ അളവും മാറ്റും രേഖപ്പെടുത്തുന്ന, അപ്രൈസറുടെ രേഖയിൽ കൃത്രിമം നടക്കുന്നുവെന്നു സൂചന നൽകുന്ന രേഖകളാണു കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിനു ലഭിച്ചത്. അപ്രൈസറുടെ ഒപ്പും സീലുമുള്ള, അതേസമയം സ്വർണത്തിന്റെ അളവോ മാറ്റോ രേഖപ്പെടുത്താത്ത ‘അസ്സേയർ സർട്ടിഫിക്കറ്റാ’ണു പൊലീസ് പിടികൂടിയ ശേഷം കസ്റ്റംസ് ഏറ്റെടുത്ത കേസുകളിലൊന്നിന്റെ അന്വേഷണത്തിനിടെ കസ്റ്റംസിനു ലഭിച്ചത്. കസ്റ്റംസും പൊലീസും ആശ്രയിക്കുന്ന അസ്സേയറുടേതു തന്നെയാണീ സർട്ടിഫിക്കറ്റെന്നും നഷ്ടപ്പെട്ടതോ മോഷണം പോയതോ കൃത്രിമമായി അച്ചടിച്ചതോ അല്ലെന്നും കസ്റ്റംസ് പ്രിവന്റീവ് വിഭാഗം ഉറപ്പു വരുത്തിയിട്ടുണ്ട്.കോഴിക്കോട് വിമാനത്താവളത്തിനു പുറത്തു വച്ച്, പൊലീസ് പിടികൂടിയ സ്വർണാഭരണങ്ങളുടെ മാറ്റ്, അസ്സേയർ സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയതു പോലെ 24 കാരറ്റല്ലെന്നു കണ്ടെത്തിയതിനെ തുടർന്ന് ഉടമകൾക്കു വിട്ടുകൊടുക്കാൻ ഇക്കൊല്ലം ജനുവരിയിൽ കസ്റ്റംസ് കമ്മിഷണർ (അപ്പീൽ) ഉത്തരവിട്ടിരുന്നു. അസ്സേയർ സർട്ടിഫിക്കറ്റിൽ 24 കാരറ്റെന്നു രേഖപ്പെടുത്തിയ ആഭരണങ്ങളുടെ മാറ്റ് യഥാർഥത്തിൽ 22 കാരറ്റാണെന്നു കൊച്ചി കസ്റ്റം ഹൗസിലെ ലബോറട്ടറിയിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയതിനെ തുടർന്നായിരുന്നു ഇത്.
Source link


