‘ഗുരുവായൂരിൽ എത്തിയ കാശ്മീരി യുവാവ് തീവ്രവാദിയല്ല’; വസ്തുതകൾ ഉറപ്പുവരുത്തണമെന്ന് ഡിജിപി

തൃശൂർ: ഗുരുവായൂർ ക്ഷേത്ര പരിസരത്ത് മാനസിക വെല്ലുവിളി നേരിടുന്ന കാശ്മീരി യുവാവിനെ കണ്ടെത്തിയ സംഭവത്തിൽ അശങ്കപ്പെടാനുള്ള സാഹചര്യമില്ലെന്ന് സംസ്ഥാന പൊലീസ് മേധാവി റവാഡ എ ചന്ദ്രശേഖർ. തൃശൂർ മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിൽ കഴിയുന്ന യുവാവിനെ കാശ്മീർ പൊലീസും ബന്ധുവും എത്തി നാട്ടിലേക്ക് കൊണ്ടുപോയെന്നും അദ്ദേഹം അറിയിച്ചു. കഴിഞ്ഞ 21ന് ആണ് യുവാവിനെ ക്ഷേത്ര പരിസരത്ത് നിന്ന് കണ്ടെത്തിയത്. 45 വയസുകാരനായ മുഷ്താഖ് അഹമ്മദ് പണ്ഡിറ്റ് എന്ന യുവാവിനെയാണ് കണ്ടെത്തിയത്. ഇയാളെ കണ്ട ഭക്തർ സംശയം പ്രകടിപ്പിച്ചതിനെ തുടർന്ന് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പിന്നീട് നടന്ന അന്വേഷണത്തിലാണ് ഇയാൾ മാനസികമായി വെല്ലുവിളി നേരിടുന്നുണ്ടെന്നും ഇയാളെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ നൗകാ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ടെന്നും സ്ഥിരീകരിച്ചത്. കോടതി നിർദ്ദേശ പ്രകാരമാണ് ഇയാളെ മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്.
Source link


