വാട്സാപ്പിനെ പൂട്ടാൻ എലോൺ മസ്കിന്റെ ‘എക്സ്ചാറ്റ്’ എത്തി; പ്രത്യേകതകൾ ഇവയാണ്

ന്യൂഡൽഹി:മെസേജിംഗ് ആപ്പ് രംഗത്ത് വിപ്ലവം സൃഷ്ടിക്കാൻ ഒരുങ്ങി എലോൺ മസ്കിന്റെ സോഷ്യൽ മീഡിയ കമ്പനിയായ എക്സ്. വാട്സാപ്പിനും ടെലഗ്രാമിനും ബദലായി എക്സ് ചാറ്റ് എന്ന പുതിയ ആപ്പാണ് മസ്ക് അവതരിപ്പിക്കുന്നത്. നിലവിൽ ഐഫോൺ, ഐപാഡ് തുടങ്ങിയ ഉപയോക്താക്കൾക്ക് ഈ സേവനം ലഭ്യമാണ്.
എൻഡ്-ടു-എൻഡ് -എൻക്രിപ്ഷനിലൂടെ സന്ദേശങ്ങൾക്ക് പൂർണ സുരക്ഷ ഉറപ്പാക്കുന്നു. മറ്റ് പ്ലാറ്റ്ഫോമുകളിൽ നിന്ന് വ്യത്യസ്തമായി പരസ്യങ്ങളുമില്ല. ഉപയോക്താക്കളുടെ സ്വകാര്യത ട്രാക്ക് ചെയ്യാൻ കഴിയില്ലെന്നും കമ്പനി അവകാശപ്പെടുന്നു. നിലവിലുള്ള എക്സ്(പഴയ ട്വിറ്റർ) അക്കൗണ്ട് ഉപയോഗിച്ച് നേരിട്ട് ലോഗിൻ ചെയ്യാം.സ്വകാര്യത വർദ്ധിപ്പിക്കുന്നതിനായി ചാറ്റുകളുടെ സ്ക്രീൻഷോട്ട് എടുക്കുന്നത് തടയാനുള്ള ഫീച്ചറും ഇതിലുണ്ട്..
വാട്സാപ്പിന്റെ സുരക്ഷാ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് യുഎസിൽ കേസ് നിലനിൽക്കുന്ന സാഹചര്യത്തിലാണ്എഎക്സ് ചാറ്റിന്റെ വരവ്. വാട്സാപ്പ് സന്ദേശങ്ങൾ ചോരുന്നുണ്ടെന്ന ആരോപണത്തെ പിൻതാങ്ങിക്കൊണ്ട്, വാട്സാപ്പിനെ വിശ്വസിക്കാനാവില്ല, യഥാർത്ഥ സ്വകാര്യതയ്ക്കായി എക്സ് ചാറ്റ് ഉപയോഗിക്കൂ എന്ന് മസ്ക് എക്സിൽ കുറിച്ചു. ടെലഗ്രാം മേധാവി പാവൽ ദുരോവും വാട്സാപ്പിനെതിരെ രൂക്ഷമായ വിമർശനവുമായി രംഗത്തെത്തിയിരുന്നു.
അയച്ച സന്ദേശങ്ങൾ എഡിറ്റ് ചെയ്യാനും എല്ലാവർക്കുമായി ഡിലീറ്റ് ചെയ്യാനും എക്സ് ചാറ്റിന്റെ പ്രത്യേകതയാണെന്നാണ് കമ്പനി അവകാശപ്പെടുന്നത്. നിശ്ചിത സമയത്തിന് ശേഷം സന്ദേശങ്ങൾ തനേ ഇല്ലാതാകുന്ന ഫീച്ചറും ഇതിനുള്ളിലുണ്ട്. വലിയ ഫയലുകൾ, ഫേട്ടോകൾ, വീഡിയോകൾ എന്നിവ വേഗത്തിൽ കൈമാറാം. സുരക്ഷിതമായ ഗ്രൂപ്പ് സംഭാഷണങ്ങൾക്കും ഇതിൽ സൗകര്യമുണ്ട്.
ഐഫോണിൽ ഈ സേവനം ലഭ്യമാകാൻ iOS 26-ഓ അതിന് ശേഷമുള്ള വേർഷനുകളോ ആവശ്യമാണ്. അതുപോലെ ഐപാഡ് ഉപയോക്താക്കൾക്ക് iPadOS 26 വേർഷനോ അതിനു മുകളിലോ ഉണ്ടായിരിക്കണം. ആപ്പ് ഇൻസ്റ്റാൾ ചെയ്ത ശേഷം നിലവിലുള്ള എക്സ് അക്കൗണ്ട് വിവരങ്ങൾ ഉപയോഗിച്ച് ലളിതമായി തന്നെ സൈൻ-ഇൻ ചെയ്യാവുന്നതാണ്. തുടർന്ന് കൂടുതൽ സുരക്ഷയ്ക്കായി ഒരു സെക്യൂരിറ്റി പിൻ കൂടി സെറ്റ് ചെയ്യുന്നതോടെ നിങ്ങൾക്ക് സന്ദേശങ്ങൾ അയച്ചുതുടങ്ങാം.
Source link


