test del 3
കേരളത്തെ ഇങ്ങനെ ചുട്ടത് ‘എതിർചുഴലി’; മഴ തടഞ്ഞ അദൃശ്യ ശക്തി ദുർബലമാകുന്നു

പാലക്കാട് ∙ പാലക്കാട്, കൊല്ലം, തൃശൂർ ജില്ലകളിൽ ഉഷ്ണതരംഗസാധ്യതയ്ക്കും തുടർച്ചയായ പൊള്ളിക്കുന്ന ചൂടിനും ആക്കംകൂട്ടിയ അന്തരീക്ഷത്തിലെ പ്രതിഭാസമായ എതിർചുഴലി (ആന്റി സൈക്ലോൺ) ദുർബലമായി തുടങ്ങി. എതിർചുഴലിയുടെ സ്വാധീനം കുറയുന്നതിനാൽ അടുത്തദിവസങ്ങളിൽ കാര്യമായ വേനൽമഴ പ്രതീക്ഷിക്കുന്നതായി ഐഎംഡി ഡയറക്ടർ നിത കെ.ഗോപാലൻ പറഞ്ഞു. ഒരാഴ്ച മുൻപ് രൂപപ്പെട്ട എതിർചുഴലി കാരണം കടുത്ത ചൂടിന്റെ ദുരിതത്തിലാണ് മിക്കപ്രദേശങ്ങളും. സംസ്ഥാനത്ത് ആദ്യം ഉഷ്ണതരംഗം റിപ്പോർട്ടുചെയ്ത 2024 ലും ഈ പ്രതിഭാസം ഉണ്ടായെങ്കിലും ഇത്രയും നീണ്ടുനിന്നില്ലെന്ന് കാലാവസ്ഥ വിദഗ്ധർ പറയുന്നു. സമുദ്രത്തിൽനിന്ന് 5 കിലോമീറ്റർ ഉയരത്തിൽ മഹാരാഷ്ട്ര, കർണാടക, തമിഴ്നാട്, തെലങ്കാന, കേരളത്തിന്റെ കുറച്ചുഭാഗത്തുമായി ലക്ഷക്കണക്കിന് കിലോമീറ്റർ വ്യാപിച്ചുകിടക്കുന്ന എതിർചുഴലി ഇത്തവണ വേനൽമഴ പരക്കെ ലഭിക്കാനും തടസമായി. ഉത്തരേന്ത്യയിൽനിന്ന് എത്തുന്ന ഉഷ്ണക്കാറ്റിനെ മുകളിലേക്ക് ഉയർത്താതെ താഴെതന്നെ നിലനിർത്തി വ്യാപിപ്പിക്കുന്ന രീതിയാണ് എതിർചുഴലിയുടേത്. അതോടെ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിച്ച സ്ഥലങ്ങളിലും ചൂട് കുറയാത്ത സാഹചര്യമുണ്ടായി.കഴിഞ്ഞവർഷം മികച്ച കാലവർഷം ലഭിച്ചതിനാൽ ഇത്തവണ ചൂട് കുറയുമെന്ന പ്രതീക്ഷ അസ്ഥാനത്താക്കി ദിനംപ്രതി ഉഷ്ണം വർധിച്ചു. 2024ൽ സംസ്ഥാനത്ത് ആദ്യ ഉഷ്ണതരംഗം റിപ്പോർട്ടുചെയ്ത പാലക്കാട്ട് ഇത്തവണ ഏപ്രിൽ 10, 11, 17, 18, 19, 20, 21, 22 തീയതികളിൽ മലമ്പുഴയിലെ ഉഷ്ണമാപിനിയിൽ ശരാശരി 40 ഡിഗ്രി സെൽഷ്യസും കൂടുതലും ചൂട് രേഖപ്പെടുത്തിയിരുന്നു. തൃശൂർ, കൊല്ലം, കോട്ടയം ജില്ലകളിലും ചൂടിൽ കാര്യമായ വർധനയുണ്ടായി. ചിലയിടത്ത് വേനൽമഴ ലഭിച്ചുതുടങ്ങിയതോടെ ചൂടിന്റെ തീവ്രത വർധിക്കില്ലെന്ന കണക്കുകൂട്ടലും എതിർച്ചുഴലിയുടെ സ്വാധീനം തെറ്റിച്ചു. പാലക്കാട്ട് തുടർച്ചയായി 40 ഡിഗ്രിക്കടുത്ത് ചൂട് രേഖപ്പെടുത്തിയത് കാലാവസ്ഥാ ശാസ്ത്രജ്ഞർ നിരീക്ഷിക്കുന്നുണ്ടായിരുന്നു. നിശ്ചിതവർഷം ഒരു പ്രദേശത്ത് ശരാശരി അനുഭവപ്പെട്ടുക്കൊണ്ടിരുന്ന ചൂടിൽ 4.5 ഡിഗ്രി കൂടുതലായാൽ ഉഷ്ണതരംഗമായി കണക്കാക്കുന്നതാണ് രീതി. സംസ്ഥാനത്ത് തുലാവർഷം കുറഞ്ഞതും തുടക്കത്തിൽ വേനൽമഴ കാര്യമായി ലഭിക്കാത്തതും ഇത്തവണ പ്രതികൂല സാഹചര്യമാണ്.
Source link

