test del 3
കോട്ടയം ജനറൽ ആശുപത്രിയിൽ 5 ഒപികൾ പ്രവർത്തിച്ചില്ല; ഡോക്ടർമാർ അവധിയിലെന്ന് കാരണം

കോട്ടയം ∙ ജനറൽ ആശുപത്രിയിലെ 5 ഒപികൾ ഇന്നലെ പ്രവർത്തിച്ചില്ല. ചികിത്സക്കായി എത്തിയവർ വലഞ്ഞു. ഒപി ടിക്കറ്റിന് ക്യൂ നിന്നപ്പോഴാണ് ചെസ്റ്റ്, ന്യൂറോ, ഓർത്തോ, സൈക്യാട്രി, ത്വക്രോഗ വിഭാഗം ഒപികൾ പ്രവർത്തിക്കില്ലെന്ന അറിയിപ്പ് രോഗികൾക്കു ലഭിച്ചത്. ഫൊറൻസിക് സർജൻ അവധിയിലായതിനാൽ പോസ്റ്റുമോർട്ടം മുടങ്ങി. വിജയപുരം പഞ്ചായത്ത് പരിധിയിൽനിന്ന് ഒരു മൃതദേഹം പോസ്റ്റുമോർട്ടത്തിനായി എത്തിച്ചിരുന്നു. ഫൊറൻസിക് സർജൻ അവധിയിലായെന്ന് അറിഞ്ഞതോടെ ബന്ധുക്കൾ രോഷാകുലരായി. മൃതദേഹം മെഡിക്കൽ കോളജിൽ എത്തിച്ച് പോസ്റ്റുമോർട്ടം നടത്തി. ആശുപത്രിയുടെ മുൻവശത്ത് ഒപികൾ പ്രവർത്തിക്കില്ലെന്നു നോട്ടിസ് പതിച്ചിരുന്നുവെങ്കിലും ഇതാരും ശ്രദ്ധിച്ചില്ല. 2 ഡോക്ടർമാർക്ക് പനിയായതിനാൽ എത്തിയില്ല. ഒരാൾ കോടതിയിലും 2 പേർ ഓപ്പറേഷൻ തിയറ്ററിലുമായിരുന്നു. ഇതിനാലാണ് 5 ഒപികൾ പ്രവർത്തിക്കാതിരുന്നതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഫൊറൻസിക് സർജനും പനി ബാധിച്ച് കിടപ്പിലാണ്. അവധിദിനമായ ഞായറാഴ്ചയും ഡോക്ടർ എത്തി പോസ്റ്റുമോർട്ടം നടത്തിയിരുന്നതായി ആശുപത്രി അധികൃതർ പറഞ്ഞു.
Source link


