ഇന്ത്യ- ദക്ഷിണാഫ്രിക്ക ഏകദിനം: ഋഷഭ് പന്തിന് പകരം ആ താരത്തെ കളിപ്പിക്കണം! മുൻ ബിസിസിഐ സെലക്ടർ

റാഞ്ചി: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിന്റെ പ്ലേയിംഗ് ഇലവനിൽ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്തിന് സ്ഥാനമില്ലെന്ന് മുൻ താരവും മുൻ ബിസിസിഐ സെലക്ടറുമായ സബ കരീം. നിലവിലെ സാഹചര്യത്തിൽ കെഎൽ രാഹുൽ വിക്കറ്റ് കീപ്പറുടെ സ്ഥാനം ഏറ്റെടുക്കണമെന്നും അദ്ദേഹം പറയുന്നു. ഇന്ന് റാഞ്ചിയിൽ ആരംഭിക്കുന്ന മൂന്ന് മത്സരങ്ങൾ ഉൾപ്പെട്ട ഏകദിന പരമ്പരയ്ക്ക് മുന്നോടിയായി, നായകൻ ശുഭ്മാൻ ഗില്ലിനും ഉപനായകൻ ശ്രേയസ് അയ്യർക്കും പരിക്കേറ്റ് പുറത്തായതിനാൽ ടീമിൽ ചില മാറ്റങ്ങൾ വരുത്തിയിരുന്നു. ഈ സാഹചര്യത്തിൽ ഇഎസ്പിഎൻ ക്രിക്ക്ഇൻഫോയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഋഷഭ് പന്തിന് പ്ലേയിംഗ് ഇലവനിൽ സ്ഥാനമുള്ളതായി ഞാൻ കാണുന്നില്ല. ടീമിന്റെ ഘടന അനുസരിച്ച് അദ്ദേഹത്തിനല്ല ഇവിടെ അവസരം നൽകേണ്ടത്. ഒരു തവണ തിലക് വർമ്മയെ ഇലവനിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചാൽ കെ എൽ രാഹുലിന് വിക്കറ്റ് കീപ്പർ ബാറ്ററായി കളിക്കാനാവും. അപ്പോൾ ടീമിൽ ഓൾറൗണ്ടർമാർക്ക് സ്ഥാനം ലഭിക്കും,’ അദ്ദേഹം പറയുന്നു.
പന്തിനെ കളിപ്പിച്ചാൽ ടീമിന് ബൗളിംഗ് ഓപ്ഷനുകൾ കുറയുമെന്നും സബ കരീം പറഞ്ഞു. ‘അതല്ലെങ്കിൽ ഋഷഭ് പന്തിനെ ലോവർ ഓർഡറിൽ ഇറക്കുകയും അഞ്ച് സ്‌പെഷ്യലിസ്റ്റ് ബൗളർമാരെ മാത്രം കളിപ്പിക്കുകയും ചെയ്യാം. തിലക് വർമ്മയെയോ യശസ്വി ജയ്സ്വാളിനെയോ കൊണ്ട് രണ്ടോ മൂന്നോ ഓവറുകൾ ചെയ്യിക്കാം.’ കരീം പറഞ്ഞു. പരിക്കേറ്റ ശ്രേയസ് അയ്യർക്ക് പകരം തിലക് വർമ്മയാണ് ഏറ്റവും അനുയോജ്യനായ കളിക്കാരനെന്നും കരീം അഭിപ്രായപ്പെട്ടു.
‘രോഹിത് ശർമ്മ, യശസ്വി ജയ്സ്വാൾ, വിരാട് കൊഹ്ലി എന്നിവരുൾപ്പെടുന്ന ശക്തമായ മദ്ധ്യനിരയാണ് ഇന്ത്യക്കുള്ളത്. തിലക് വർമ്മയാണ് ശ്രേയസ് അയ്യർക്ക് പകരക്കാരനായി വരേണ്ട ശരിയായ താരം. ഏകദിന ക്രിക്കറ്റിൽ അദ്ദേഹം മികച്ച പ്രകടനമാണ് ഇതുവരെ കാഴ്ചവച്ചത്. ഏകദിനത്തിൽ അദ്ദഹത്തിന് തിളങ്ങാൻ ഇതൊരു നല്ല അവസരമാണ്. അതിനാൽ ഞാൻ തിലക് വർമ്മയെയാണ് നാലാം സ്ഥാനത്ത് കാണുന്നത്.,’ കരീം പറഞ്ഞു. ഏകദിന പരമ്പരയിലെ ആദ്യ മത്സരം ഇന്ന് റാഞ്ചിയിലെ ജാർഖണ്ഡ് ക്രിക്കറ്റ് അസോസിയേഷൻ ഗ്രൗണ്ടിൽ ഉച്ചയ്ക്ക് 1.30നാണ് ആരംഭിക്കുക.
Source link


