LATEST

മത്സ്യബന്ധന ബോട്ടിൽ വച്ച് ശ്വാസതടസം; എഞ്ചിൻറൂമിൽ കുഴഞ്ഞുവീണ തൊഴിലാളികളിൽ ഒരാൾ മരിച്ചു


കോഴിക്കോട്: ബേപ്പൂരിൽ മത്സ്യബന്ധനത്തിനുപോയ ബോട്ടിൽ വച്ച് തൊഴിലാളി ശ്വാസംമുട്ടി മരിച്ചു. പശ്ചിമബംഗാൾ സ്വദേശി ഷഹബേദ് ദാസാണ് മരിച്ചത്. ഇന്നു രാവിലെ അഞ്ച് മണിയോടെയാണ് ബോട്ടിലെ എഞ്ചിൻറൂമിൽ വച്ച് ശ്വാസതുടസമുണ്ടായതിനെ തുടർന്ന് നാലുതൊഴിലാളികൾ കുഴഞ്ഞുവീണത്. ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഷഹബേദ് ദാസിന്റെ ജീവൻ രക്ഷിക്കാനായില്ല. മറ്റ് മൂന്ന് പേർ ചികിത്സയിൽ തുടരുകയാണ്. എഞ്ചിൻ റൂമിൽ വെള്ളം കയറിയത് പരിശോധിക്കുന്നതിനിടെയാണ് തൊഴിലാളികൾക്ക് ശ്വാസതടസമുണ്ടായത്. ബേപ്പൂരിലെ ഹാർബറിൽ നിന്നും മത്സ്യബന്ധനത്തിനായിപോയ ആയിഷ ബോട്ടിലെ ജീവനക്കാരാണ് കുഴഞ്ഞുവീണത്. 12 തൊഴിലാളികളാണ് ബോട്ടിൽ ഉണ്ടായിരുന്നത്. എഞ്ചിനിൽ ലീക്കുണ്ടായിരുന്നതായാണ് വിവരം. എഞ്ചിൻ റൂം കുറച്ചധികം നാളുകളായി അടച്ചിട്ടിരിക്കുകയായിരുന്നു. കുറച്ച് നാളുകൾക്ക് മുൻപ് ഇവിടെ പെയിന്റിംഗ് ജോലികളും നടന്നിരുന്നു. എഞ്ചിനിൽ വെള്ളം കയറിയത് പരിശോധിക്കാനെത്തിയ തൊഴിലാളികൾക്ക് ശ്വാസം തടസം ഉണ്ടാവുകയും കുഴഞ്ഞുവീഴുകയുമായിരുന്നു. ബേപ്പൂർ ഹാർബറിൽ നിന്നും പത്ത് നോട്ടിക്കൽ മൈൽ അകലെയാണ് അപകടമുണ്ടായത്. ഉടൻ തന്നെ ബോട്ട് കരയിലേക്കെത്തിച്ച് രക്ഷാപ്രവർത്തനം നടത്തി.ചെറുവണ്ണൂരുള്ള സ്വകാര്യ ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചതിനു ശേഷമാണ് തൊഴിലാളികളിലൊരാളായ ഷഹബേദ് ദാസ് മരണപ്പെട്ടത്. നിലവിൽ ഇവിടെ രണ്ടുപേരാണ് ചികിത്സയിലുള്ളത്. അതിലൊരാൾ മലയാളിയാണെന്നും നില ഗുരുതരമാണെന്നുമാണ് റിപ്പോർട്ട്. മറ്റൊരാളെ കോഴിക്കോട് നഗരത്തിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.


Source link

Back to top button