test del 5 copy of del 3
കൊടുക്കാൻ ഭക്ഷണമില്ല; ട്രിപ്പുകൾ ഒഴിവാക്കി ഹൗസ്ബോട്ടുകൾ: ടൂറിസം, ഹോട്ടൽ മേഖല തകർച്ചയിൽ

കോട്ടയം ∙ പശ്ചിമേഷ്യൻ മേഖലയിലെ യുദ്ധവും പാചകവാതക ക്ഷാമവും ചേർന്ന് ജില്ലയിലെ ടൂറിസം, റസ്റ്ററന്റ് മേഖലയെ വിഷുക്കാലത്ത് തള്ളിവിട്ടത് നിലയില്ലാക്കയത്തിലേക്ക്. പിടിച്ചുനിൽക്കാനാകാതെ പലരും സംരംഭം നിർത്തിയപ്പോൾ മറ്റു പലരും കനത്ത നഷ്ടം സഹിച്ചും തുടരുകയാണ്. ഭക്ഷണശാലകൾക്ക് പ്രവർത്തിക്കുന്നതിന് ആവശ്യമായ പാചകവാതകം ഇപ്പോൾ ലഭിക്കുന്നില്ല. അതിനാൽത്തന്നെ കരിഞ്ചന്തയെ ആശ്രയിക്കുകയാണ് പലരും. വാണിജ്യ സിലിണ്ടറിന് ഇപ്പോൾ തീവിലയാണ്. പച്ചക്കറി, മീൻ തുടങ്ങിയവയ്ക്കും വില കയറി. ഭക്ഷണം കൊടുക്കാൻ വഴിയില്ലാത്തതിനാൽ ഹൗസ്ബോട്ടുകൾ അവധിക്കാല ട്രിപ്പുകൾ ഒഴിവാക്കിത്തുടങ്ങി. അടുത്ത ഒരു വർഷത്തേക്കുള്ള ഉപജീവനമാർഗം ടൂറിസം മേഖല പ്രധാനമായും കണ്ടെത്തുന്നത് ഈ അവധിക്കാലത്താണ്. അതാണ് ഇപ്പോൾ പ്രതിസന്ധിയിലായിരിക്കുന്നത്.ഇലക്ട്രിക് ഇൻഡക്ഷൻ ഹീറ്റർ, വിറക്, ബയോഗ്യാസ് എന്നിവ ഉപയോഗിക്കാനുള്ള ശ്രമങ്ങൾ പലരും നടത്തുന്നുണ്ടെങ്കിലും വലിയ സദ്യയ്ക്കുള്ള അടുക്കളകൾ ഈ രീതിയിൽ മാറിയിട്ടില്ല. തന്തൂർ അടുപ്പുകളും ഇലക്ട്രിക് അടുപ്പുകളും ആണ് ഇപ്പോൾ ഈ മേഖലയെ പിടിച്ചു നിർത്തുന്നത്. വിഷുവിന് വളരെ കുറച്ച് ഹോട്ടലുകൾ മാത്രമാണ് സദ്യ ഇത്തവണ നടത്തിയത്. കുടുംബശ്രീ യൂണിറ്റുകളും ഇത്തവണ വിഷുസദ്യ ഒരുക്കുന്നതിൽനിന്ന് പാചകവാതക, തൊഴിലാളി ക്ഷാമം കാരണം അകന്നു.കുമരകത്തെ പാചകവാതക ഏജൻസിയായ ഭരത് ഗ്യാസ് ഏജൻസി വ്യാവസായിക സിലിണ്ടറുകൾ നൽകുന്നതിൽ വിവേചനം കാട്ടുന്നതായി കാണിച്ചു ജില്ലാ സപ്ലൈ അധികൃതർക്കു ഹോട്ടലുടമ പരാതി നൽകി. 20 ദിവസത്തോളം പാചക വാതകം ഇല്ലാതെ ഹോട്ടൽ അടച്ചിട്ടതായും പിന്നീട് ചെറിയ രീതിയിൽ പ്രവർത്തിച്ചു തുടങ്ങിയ ഹോട്ടലിനു പാചകവാതകം നൽകുന്നില്ലെന്നും ദുബായ് ഹോട്ടൽ ഉടമ ജോസഫ് മാത്യു പറഞ്ഞു. എന്നാൽ മാനദണ്ഡം അനുസരിച്ചു ദുബായ് ഹോട്ടൽ ഉടമയ്ക്ക് പാചകവാതക സിലിണ്ടറുകൾ നൽകിയിരുന്നതായി ഗ്യാസ് ഏജൻസി ഉടമ അലക്സ് പറയുന്നു.
Source link


