test del 2
പാകിസ്താന് ഭയം; വിമാനങ്ങൾ സംരക്ഷിക്കാൻ നൂർ ഖാൻ വ്യോമതാവളത്തിൽ ഹാങ്ങറുകൾ

ഇസ്ലാമാബാദ്: കഴിഞ്ഞ വർഷം ഓപ്പറേഷൻ സിന്ദൂറിൽ തകർന്ന പാകിസ്താനിലെ നിർണായക നൂർ ഖാൻ വ്യോമതാവളത്തിൽ പുനർനിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതായി സൂചന. ഭാവിയിൽ ഏതെങ്കിലും സംഘർഷമുണ്ടായാൽ പ്രതിരോധിക്കുന്നതിനായുള്ള മുൻകരുതലാണെന്നാണ് വിലയിരുത്തപ്പെടുന്നത്. പാകിസ്താന്റെ ഏറ്റവും തന്ത്രപ്രധാനമായ വ്യോമത്താവളങ്ങളിലൊന്നാണ് റാവൽപിണ്ടിയിൽ സ്ഥിതി ചെയ്യുന്ന നൂർ ഖാൻ വ്യോമതാവളം. ഓപ്പറേഷൻ സിന്ദൂർ കഴിഞ്ഞ് ഏകദേശം ഒരു വർഷമായിട്ടും അറ്റകുറ്റപ്പണികൾ ഇപ്പോഴും തുടരുന്നു എന്ന് വ്യക്തമാക്കുന്ന സമീപകാല ഉപഗ്രഹചിത്രങ്ങൾ സംഘർഷസമയത്ത് ഇതിനുണ്ടായ നാശനഷ്ടങ്ങളുടെ വ്യാപ്തി വെളിവാക്കുന്നു.ജിയോ-ഇന്റലിജൻസ് വിദഗ്ദ്ധനായ ഡാമിയൻ സൈമൺ പങ്കുവെച്ച ഉപഗ്രഹചിത്രങ്ങൾ വ്യോമത്താവളത്തിലുടനീളം പുതിയ ഹാങ്ങറുകൾ നിർമിക്കുന്നതായി കാണിക്കുന്നു. ഇത് സാധാരണ നിർമാണ പ്രവർത്തനങ്ങളല്ലെന്ന് സൈമൺ അടിവരയിട്ട് പറയുന്നു. ഇത്തരം ഹാങ്ങറുകൾ പാക് വ്യോമസേനയുടെ വിമാനങ്ങൾക്ക് സംരക്ഷണം നൽകുമെങ്കിലും, ശത്രുക്കൾ, പ്രത്യേകിച്ച് ഇന്ത്യ നടത്തുന്ന നിരീക്ഷണം പരിമിതപ്പെടുത്തുക എന്നതാണ് യഥാർഥലക്ഷ്യമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.പഹൽഗാം ആക്രമണത്തിന് മറുപടിയായി ആരംഭിച്ച ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യ പാകിസ്താന്റെ 11 പ്രധാന സൈനിക താവളങ്ങളിൽ ആക്രമണം നടത്തി. തലസ്ഥാനമായ ഇസ്ലാമാബാദിൽ നിന്ന് വെറും 25 കിലോമീറ്റർ മാത്രം അകലെയുള്ള നൂർ ഖാനിലെ ആക്രമണം പാകിസ്താനെ തകർത്തു. നൂർ ഖാൻ സൈനിക പ്രവർത്തനങ്ങൾക്ക് പുറമെ നയതന്ത്ര പ്രതിനിധികൾക്കുള്ള സുപ്രധാന പ്രവേശന കവാടം കൂടിയാണ്. ഇത് പാക് സായുധസേനയുടെ ഒരു പ്രധാന ലോജിസ്റ്റിക് ഹബ് കൂടിയാണ്. പാകിസ്താന്റെ ആണവശേഖരം നിയന്ത്രിക്കുന്ന സ്ട്രാറ്റജിക് പ്ലാൻസ് ഡിവിഷന് സമീപത്താണ് ഇത് സ്ഥിതി ചെയ്യുന്നത് എന്നത് ശ്രദ്ധേയമാണ്.ഇന്ത്യയ്ക്ക് നൂതന നിരീക്ഷണ സംവിധാനങ്ങൾ ഉപയോഗിച്ച് ശത്രുക്കളുടെ ആസ്തികൾ ട്രാക്ക് ചെയ്യാനും ലക്ഷ്യമിടാനുമുള്ള കഴിവ് ഈ ഓപ്പറേഷൻ തെളിയിച്ചു. ഇന്ത്യയുടെ ഇത്തരം കഴിവുകൾ തുറസ്സായ സ്ഥലങ്ങളിൽ പാർക്ക് ചെയ്തിരിക്കുന്ന അവരുടെ വിമാനങ്ങളെ കൂടുതൽ അപകടത്തിലാക്കുമെന്ന് പാകിസ്താന് വ്യക്തമായി. ഡ്രോൺ യുദ്ധത്തിന്റെ പരിണതഫലങ്ങൾ ഇറാൻ സംഘർഷം വെളിപ്പെടുത്തിയെന്നും സ്വാം ഡ്രോണുകളുടെ കാലഘട്ടത്തിൽ ആരും തുറസ്സായ സ്ഥലങ്ങളിൽ ഒന്നും പാർക്ക് ചെയ്യില്ലെന്നും പ്രതിരോധ വിദഗ്ദ്ധൻ സന്ദീപ് ഉണ്ണിത്താൻ ഇന്ത്യ ടുഡെയോട് പ്രതികരിച്ചു.
Source link


