LATEST

ഇ.വി ചാർജിംഗിന് 335 സ്റ്റേഷനുകൾ


ഭൂമിയിൽ നിന്ന് ലഭിക്കുന്ന ഇന്ധനങ്ങൾക്കുപരിയായി സൂര്യനിൽ നിന്ന് ലഭിക്കുന്ന ഊർജ്ജത്തിന് അമിത പ്രാധാന്യം കൈവന്നിരിക്കുന്ന കാലഘട്ടമാണിത്. ബദൽ ഊർജ്ജ മാർഗങ്ങൾ തേടേണ്ടതിന്റെ അനിവാര്യത ഓർമ്മിപ്പിക്കുന്നതു കൂടിയാണ് പശ്ചിമേഷ്യയിൽ തുടരുന്ന യുദ്ധ പ്രതിസന്ധിയും. എണ്ണക്കപ്പലുകളുടെ ഗതിമാർഗങ്ങൾ തടയപ്പെടുന്നതിനെ ആശ്രയിച്ച് ഇന്ധന നിയന്ത്രണം ഏർപ്പെടുത്താൻ യുദ്ധത്തിൽ പങ്കാളികളല്ലാത്ത മറ്റു രാജ്യങ്ങളും നിർബന്ധിതമാകുന്നു. ഗൾഫിൽ നിന്നുള്ള പ്രകൃതി വാതക ഇറക്കുമതിയുടെ കുറവ് നമ്മുടെ നാട്ടിലെ ചെറുകിട ഹോട്ടലുകൾ വരെ അടച്ചുപൂട്ടാൻ ഇടയാക്കി. യുദ്ധം എന്ന് അവസാനിക്കുമെന്ന് ആർക്കും പ്രവചിക്കാനാവാത്ത രീതിയിൽ തുടരുന്നതിനാൽ പെട്രോളിന്റെയും ഡീസലിന്റെയും ക്ഷാമവും ഉണ്ടാകാതിരിക്കാൻ വഴിയില്ല.ഊർജ്ജാവശ്യങ്ങളിൽ ബദൽ മാർഗങ്ങളിലൂടെ സ്വയംപര്യാപ്തത നേടേണ്ടത് ഇന്ത്യയുടെ മുന്നോട്ടുള്ള സാമ്പത്തിക വളർച്ചയുടെ ഘട്ടത്തിൽ അതിപ്രധാനമാണ്. പെട്രോൾ, ഡീസൽ വിലക്കയറ്റ പേടിയിലും ക്ഷാമത്തെക്കുറിച്ചുള്ള ആശങ്കയിലും രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങളുടെ വില്പനയിൽ വൻ കുതിപ്പാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ മാർച്ചിൽ മാത്രം 19,711 ഇലക്ട്രിക് കാറുകളാണ് രാജ്യത്ത് രജിസ്റ്റർ ചെയ്തതെന്ന് പരിവാഹൻ പോർട്ടലിലെ കണക്കുകൾ വ്യക്തമാക്കുന്നു. 2024 മാർച്ചിനേക്കാൾ 49 ശതമാനമാണ് വർദ്ധന. 2026 ജനുവരിയിൽ 19,322 കാറുകൾ വിറ്റതായിരുന്നു ഇതുവരെയുള്ള റെക്കാഡ്. ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെ വില്പനയും മുൻ വർഷത്തേക്കാൾ 36 ശതമാനം കൂടി 1,77,845 ആയി. 2025 ഒക്ടോബറിലെ 1,44,378 എന്ന റെക്കാഡാണ് മറികടന്നത്. കേരളത്തിൽ മാത്രം മാർച്ചിൽ നിരത്തിലെത്തിയത് 12,434 ഇലക്ട്രിക് വാഹനങ്ങളാണ്. കൂടുതൽ പേർ ഇലക്ട്രിക് വാഹനങ്ങൾ തിരഞ്ഞെടുക്കാൻ വിമുഖരാകുന്നതിന് പ്രധാന കാരണം കേരളത്തിലെ ചാർജിംഗ് സ്റ്റേഷനുകളുടെ കുറവാണ്.


Source link

Back to top button