LATEST

വെറും രണ്ട് മണിക്കൂറില്‍ 750 കിലോമീറ്റര്‍; വേറെ ലെവലാകാന്‍ ദക്ഷിണേന്ത്യ, കേരളത്തിനും സാദ്ധ്യത


ചെന്നൈ: ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിന്‍ മുംബയ് – അഹമ്മദാബാദ് റൂട്ടില്‍ സര്‍വീസിന് തയ്യാറെടുക്കുകയാണ്. ഇതിന് പിന്നാലെ നിരവധി റൂട്ടുകള്‍ കേന്ദ്ര സര്‍ക്കാരിന്റെ മനസ്സിലുണ്ട്. രാജ്യത്തെ ട്രെയിന്‍ യാത്രയുടെ സങ്കല്‍പ്പങ്ങളെ അതിവേഗത കൊണ്ട് മാറ്റിമറിക്കുകയെന്നതാണ് റെയില്‍വേയും കേന്ദ്ര സര്‍ക്കാരും ഉദ്ദേശിക്കുന്നത്. അടുത്തിടെയാണ് ബുള്ളറ്റ് ട്രെയിന്‍ സംബന്ധിച്ച് സാദ്ധ്യത പഠനം നടത്തണം എന്ന ആവശ്യവുമായി തമിഴ്‌നാട് സര്‍ക്കാര്‍ രംഗത്ത് വന്നത്.
ഈ ആവശ്യം ഉന്നയിച്ച് കേന്ദ്ര റെയില്‍വേ ബോര്‍ഡിന് കത്തയക്കുകയും ചെയ്തിട്ടുണ്ട് തമിഴ്‌നാട് സര്‍ക്കാര്‍. ദക്ഷിണേന്ത്യന്‍ നഗരങ്ങളില്‍ കൂടുതല്‍ മെച്ചപ്പെട്ട കണക്റ്റിവിറ്റി എന്നതാണ് തമിഴ്‌നാട് മുന്നോട്ട് വയ്ക്കുന്ന പദ്ധതി കൊണ്ടുള്ള ഗുണം. വിവിധ റൂട്ടുകള്‍ പരിഗണനയിലുള്ളതില്‍ കേരളത്തിലൂടെയുള്ള പാതയും ഉള്‍പ്പെടുന്നുണ്ട്. 744 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റെയില്‍പാതയാണ് ചെന്നൈയില്‍ നിന്നും ഹൈദരാബാദിലേക്കുള്ളത്. ഈ പാതയിലൂടെ ബുള്ളറ്റ് ട്രെയിനിന് കടന്നുപോകാന്‍ വേണ്ടത് വെറും രണ്ടര മണിക്കൂറായിരിക്കും.
ചെന്നൈയില്‍ നിന്ന് ഹൈദരാബാദില്‍ എത്താന്‍ നിലവില്‍ 10 മുതല്‍ 12 മണിക്കൂര്‍ വരെ സമയം വേണ്ടി വരും. എന്നാല്‍ ഇത് വെറും രണ്ടര മണിക്കൂറാക്കി കുറയ്ക്കാന്‍ ബുള്ളറ്റ് ട്രെയിനിന് സാധിക്കുമെന്നാണ് വിവരം. മണിക്കൂറില്‍ 320-350 കിലോമീറ്റര്‍ വേഗതയിലായിരിക്കും ഈ ട്രെയിനിന്റെ സഞ്ചാരം. വേഗത്തിലുള്ള യാത്രയ്ക്ക് പുറമെ, തമിഴ്നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങള്‍ തമ്മിലുള്ള സാമ്പത്തിക-സാമൂഹിക ബന്ധം ശക്തിപ്പെടുത്താനും ട്രെയിന്‍ സഹായകരമാകും.
സാദ്ധ്യത പഠനം നടത്തണമെന്ന് തമിഴ്‌നാട് മുന്നോട്ടുവച്ചിരിക്കുന്ന ആവശ്യത്തില്‍ കേരളത്തിലെ പ്രധാന നഗരങ്ങളായ തിരുവനന്തപുരം, കൊച്ചി റൂട്ടുകള്‍ ഉള്‍പ്പെടുന്നുണ്ട്. ചെന്നൈയില്‍ നിന്ന് തിരുവനന്തപുരത്തേക്കും എറണാകുളത്തേക്കും രണ്ട് അതിവേഗ ബുള്ളറ്റ് ട്രെയിന്‍ പാതകള്‍ക്കായി സാദ്ധ്യതാപഠനം നടത്താന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് റെയില്‍വേ ബോര്‍ഡിന് കത്തയച്ചത് കഴിഞ്ഞയാഴ്ചയാണ്.


Source link

Back to top button