test del 2

നേപ്പാൾ മുൻ പ്രധാനമന്ത്രി കെ.പി ശർമ ഒലി അറസ്റ്റിൽ; നടപടി ബാലേന്ദ്ര ഷാ അധികാരമേറ്റതിന് തൊട്ടുപിന്നാലെ


കാഠ്മണ്ഡു: നേപ്പാൾ മുൻ പ്രധാനമന്ത്രി കെ.പി. ശർമ ഒലിയും മുൻ ആഭ്യന്തര മന്ത്രി രമേഷ് ലേഖക്കും അറസ്റ്റിൽ. കഴിഞ്ഞവർഷം നേപ്പാളിനെ പിടിച്ചുകുലുക്കിയ ജെൻസി പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ടാണ് നടപടി. പുതിയ പ്രധാനമന്ത്രിയായി ബാലേന്ദ്ര ഷാ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് തൊട്ടുപിറ്റേദിവസമാണ് നാടകീയ നീക്കങ്ങൾ. ഭക്തപുരിലെ ഗുണ്ടുവിലുള്ള വസതിയിൽനിന്ന് ഒലിയെ നേപ്പാൾ പോലീസ് കസ്റ്റഡിയിലെടുത്തു.അറസ്റ്റ് നിയമപരമായ നടപടിയാണെന്നും ആരും നിയമത്തിന് അതീതരല്ലെന്നും നേപ്പാൾ ആഭ്യന്തര മന്ത്രി സുദൻ ഗുരുങ് വ്യക്തമാക്കി. ഇത് ആരോടുമുള്ള പ്രതികാരമല്ല. രാജ്യത്ത് നീതി നടപ്പാക്കുന്നതിന്റെ തുടക്കമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, രാഷ്ട്രീയ പ്രേരിതമായാണ് തന്നെ അറസ്റ്റ് ചെയ്തതെന്നും നിയമപരമായി ഇതിനെ നേരിടുമെന്നും കെ.പി. ശർമ ഒലി മാധ്യമങ്ങളോട് പ്രതികരിച്ചു.കഴിഞ്ഞ വർഷം സെപ്റ്റംബറിൽ അഴിമതിക്കെതിരെ യുവാക്കൾ നടത്തിയ പ്രക്ഷോഭത്തിനിടെ 19 യുവാക്കളുൾപ്പെടെ എഴുപതിലധികം പേർ കൊല്ലപ്പെട്ടിരുന്നു. സോഷ്യൽ മീഡിയ നിരോധനത്തെത്തുടർന്ന് ആരംഭിച്ച പ്രതിഷേധം പിന്നീട് സാമ്പത്തിക പ്രതിസന്ധിക്കെതിരെയുള്ള ജനരോഷമായി മാറുകയും ഒലി സർക്കാരിന്റെ പതനത്തിന് വഴിവെക്കുകയും ചെയ്തു. തുടർന്ന് മുൻ ചീഫ് ജസ്റ്റിസ് സുശീല കർക്കിയുടെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാരാണ് രാജ്യം ഭരിച്ചിരുന്നത്.തിരഞ്ഞെടുപ്പിൽ വിജയിച്ച് ബാലേന്ദ്ര ഷാ അധികാരമേറ്റയുടൻ പ്രക്ഷോഭകാലത്തെ അക്രമങ്ങളെക്കുറിച്ച് അന്വേഷിക്കാൻ ഒരു കമ്മിഷനെ നിയോഗിച്ചിരുന്നു. വെള്ളിയാഴ്ച നടന്ന ആദ്യ മന്ത്രിസഭാ യോഗത്തിൽ ഈ അന്വേഷണ റിപ്പോർട്ട് നടപ്പിലാക്കാൻ തീരുമാനിച്ചു. പ്രക്ഷോഭകാരികൾക്ക് നേരെ വെടിയുതിർക്കാൻ നേരിട്ട് ഉത്തരവിട്ടതായി തെളിവില്ലെങ്കിലും ഉന്നത പദവിയിലിരുന്ന ഒലിയും ആഭ്യന്തര മന്ത്രിയും അക്രമം തടയാൻ വേണ്ടത്ര നടപടികൾ സ്വീകരിച്ചില്ലെന്നും ഇവരുടെ വീഴ്ച കാരണം പ്രായപൂർത്തിയാകാത്തവർവരെ കൊല്ലപ്പെട്ടെന്നും റിപ്പോർട്ടിൽ പറയുന്നു.


Source link

Back to top button