പ്രണയവിവാഹം അംഗീകരിക്കാനായില്ല; വരനെ നഗ്നനാക്കി റോഡിലൂടെ നടത്തി, ഭാര്യാപിതാവ് ഉൾപ്പടെ അഞ്ച് പേർ അറസ്റ്റിൽ

മുംബയ്: പ്രണയിച്ച് വിവാഹം കഴിച്ചതിന് വരനെ കെട്ടിയിട്ട് മർദിക്കുകയും നഗ്നനാക്കി നടത്തുകയും ചെയ്ത സംഭവത്തിൽ ഭാര്യാപിതാവ് ഉൾപ്പടെ അഞ്ച് പേർ അറസ്റ്റിൽ. മഹാരാഷ്ട്രയിലെ ജാൽഗാവ് ജില്ലയിലാണ് സംഭവം.കുടുംബത്തിന്റെ താൽപര്യത്തിന് വിരുദ്ധമായി വിവാഹം കഴിച്ചതിനാണ് 25കാരനെ ഭർതൃവീട്ടുകാർ ക്രൂരമായി മർദിച്ചത്. വിവാഹത്തിന് പിന്നാലെ ദമ്പതിമാർ വരന്റെ അമ്മാവന്റെ വീട്ടിലേക്ക് താമസം മാറിയിരുന്നു. വിവാഹം കഴിഞ്ഞ് തൊട്ടടുത്ത ദിവസം ഏകദേശം 15 പേരടങ്ങുന്ന സംഘം പട്ടാപ്പകൽ ഇവിടേക്ക് അതിക്രമിച്ചു കയറി. ദമ്പതികളെ വലിച്ചിഴച്ച് പുറത്തേക്കിട്ടു. വരനെ തൂണിൽ കെട്ടിയിട്ട് മർദിച്ചു. പിന്നീട് നഗ്നനാക്കി റോഡിലൂടെ നടത്തി. വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി പ്രതികളിൽ ചിലരെ കസ്റ്റഡിയിലെടുത്തു. മറ്റുള്ളവർ ഓടി രക്ഷപ്പെട്ടതായാണ് പൊലീസ് പറയുന്നത്.കോമൾ പാട്ടീൽ, ഹെറാംബ് ചൗധരി, സഞ്ജയ് ബാധെ, വിജയ് പാട്ടീൽ, ജ്ഞാനേശ്വർ ഭോയ് എന്നിവരാണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ ഇവരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. കൊലപാതകശ്രമം, പരിക്കേൽപ്പിക്കൽ, തട്ടിക്കൊണ്ടുപോകൽ, ആൾക്കൂട്ട ആക്രമണം തുടങ്ങിയ വകുപ്പുകൾ ചേർത്താണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.
Source link



