ഗ്യാസ് തീർന്നു; മുൻകൂട്ടി ഓർഡർ ചെയ്തവർക്ക് പോലും പത്തിരി കൊടുക്കാനായില്ല, കായംകുളത്തെ കടയിൽ തിക്കും തിരക്കും

ആലപ്പുഴ: മുൻകൂട്ടി ഓർഡർ ചെയ്ത പത്തിരി ലഭിക്കാത്തതിന്റെ പേരിൽ കായംകുളത്തെ പത്തിരിക്കടയിൽ ഉന്തും തള്ളും. ഇതിന്റെ ദൃശ്യങ്ങൾ ഉൾപ്പെടെ പുറത്തുവന്നിട്ടുണ്ട്. പാചകവാതക ക്ഷാമം കാരണം മുൻകൂട്ടി ഓർഡർ നൽകിയവർക്ക് പോലും പത്തിരി നൽകാൻ കഴിയാതെ വന്നതാണ് വലിയ തർക്കങ്ങൾക്ക് കാരണമായത്.ഇന്ന് രാവിലെ റോയൽ പത്തിരീസ് എന്ന കടയിലായിരുന്നു സംഭവം. പെരുന്നാളിന് പത്തിരി മുൻകൂട്ടി ഓർഡർ ചെയ്യാം എന്ന ബോർഡുൾപ്പെടെ കടയ്ക്ക് മുന്നിലുണ്ട്. ഇത് കണ്ട് നേരത്തേ തന്നെ നൂറുകണക്കിനുപേർ പത്തിരി പ്രീ ഓർഡർ ചെയ്തു. പാചകവാതക സിലിണ്ടർ പ്രശ്നത്തിന് ഉടൻ പരിഹാരമാകുമെന്ന് കരുതിയാണ് കടയുടമ പണം അഡ്വാൻസ് വാങ്ങി ഓർഡറുകളെടുത്തത്.എന്നാൽ, എൽപിജി സിലിണ്ടർ കിട്ടാതായതോടെ പത്തിരി ഓർഡർ ചെയ്തവർക്ക് പോലും നൽകാൻ തികഞ്ഞില്ല. തിരക്ക് രൂക്ഷമായതോടെ കടയിൽ ടോക്കൺ സംവിധാനം ഏർപ്പെടുത്തിയെങ്കിലും ഫലമുണ്ടായില്ല. ആദ്യമെത്തിയ കുറച്ചുപേർക്ക് മാത്രമാണ് പത്തിരി ലഭിച്ചത്. പെരുന്നാൾ ദിവസം തന്നെ ഇത്തരത്തിലൊരു പ്രശ്നം ഉണ്ടായതിനാൽ ജനങ്ങൾ വളരെ വൈകാരികമായാണ് പ്രതികരിക്കുന്നത്. ആളുകളെ സ്ഥലത്ത് നിന്നും മാറ്റാനായി കായംകുളം പൊലീസ് ഉൾപ്പെടെ സ്ഥലത്തെത്തിയിട്ടുണ്ട്.
Source link


