സ്ത്രീപ്രവേശനം:വാദം നൽകാൻ ദേവസ്വം ബോർഡിന് സാവകാശം

ന്യൂഡൽഹി: ശബരിമല യുവതീപ്രവേശനത്തിൽ നിലപാട് അറിയിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡിന് അടുത്ത തിങ്കളാഴ്ച വരെ സുപ്രീംകോടതി സമയം അനുവദിച്ചു. വാദമുഖങ്ങൾ സമർപ്പിക്കാനുള്ള സമയപരിധി ശനിയാഴ്ച അവസാനിച്ചിരുന്നു. ഇന്നലെ മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിംഗ്വി ദേവസ്വം ബോർഡിനു വേണ്ടി ഹാജരായി സമയം ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അദ്ധ്യക്ഷനായ ബെഞ്ച് മാർച്ച് 23 വരെ സമയം അനുവദിക്കുകയായിരുന്നു. വാദമുഖങ്ങൾ രേഖാമൂലം സമർപ്പിക്കാത്ത മറ്റു കക്ഷികൾക്കും ഉത്തരവ് ഉപകാരപ്പെടും. മതസ്വാതന്ത്ര്യം, അവകാശം, വിശ്വാസം, ആചാരം എന്നിവയുമായി ബന്ധപ്പെട്ട ഏഴു സുപ്രധാന നിയമപ്രശ്നങ്ങളിലാണ് നിലപാട് അറിയിക്കേണ്ടത്. ഏപ്രിൽ 7 മുതലാണ് 9 അംഗ ബെഞ്ച് വാദം കേൾക്കുന്നത്. 2018ലെ യുവതീപ്രവേശന വിധിയെ എതിർക്കാനാണ് മാർച്ച് 2ലെ ദേവസ്വം ബോർഡ് യോഗം തീരുമാനിച്ചത്. പുനഃപരിശോധാനാ ഹർജികളിൽ 2019 നവംബറിൽ വാദംകേൾക്കവെ ഇതായിരുന്നില്ല ബോർഡിന്റെ നിലപാട്. യുവതീപ്രവേശന വിധിയെ മാനിക്കുന്നുവെന്നും, നടപ്പാക്കാൻ സമയം വേണമെന്നുമാണ് അന്ന് അറിയിച്ചത്. യുവതിപ്രവേശനത്തെ ആദ്യം എതിർത്ത ബോർഡ് നിലപാട് മാറ്റിയോ എന്ന് അന്ന് ബെഞ്ചിലുണ്ടായിരുന്ന ജസ്റ്റിസ് ഇന്ദു മൽഹോത്ര ചോദിച്ചിരുന്നു. അന്ന് ബോർഡിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ രാകേഷ് ദ്വിവേദിയെ മാറ്റിയാണ് അഭിഷേക് മനു സിംഗ്വിയെ ഇപ്പോൾ നിയോഗിച്ചിരിക്കുന്നത്.
Source link






