വിവാഹത്തിന് വീട്ടുകാർ എതിർത്തു; പൊലീസ് സ്റ്റേഷന് മുന്നിൽ ആത്മഹത്യ ഭീഷണി മുഴക്കി കമിതാക്കൾ

ലക്നൗ: പ്രണയവിവാഹത്തിന് വീട്ടുകാർ എതിർത്തതിനെ തുടർന്ന് പൊലീസ് സ്റ്റേഷന് മുന്നിൽ ദേഹത്ത് ഡീസലൊഴിച്ച് ആത്മഹത്യ ഭീഷണി മുഴക്കി കമിതാക്കൾ. ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാത്രി ഉത്തർപ്രദേശിലെ ജലൗൺ ജില്ലയിലുള്ള പൊലീസ് സ്റ്റേഷന് മുന്നിലാണ് നാടകീയ സംഭവം അരങ്ങേറിയത്. വിവാഹം കഴിപ്പിച്ചു തന്നില്ലെങ്കിൽ തീകൊളുത്തുമെന്ന് ഭീഷണിപ്പെടുത്തി യുവാവും പെൺകുട്ടിയും റോഡിൽ കുത്തിയിരിക്കുകയായിരുന്നു.യുവാവും യുവതിയും ഏറെ നാളായി പ്രണയത്തിലായിരുന്നു. എന്നാൽ ഇവരുടെ വീട്ടുകാരും വിവാഹത്തെ എതിർത്തതോടെയാണ് കടുത്ത തീരുമാനത്തിലേക്ക് കടന്നത്. പൊലീസ് സ്റ്റേഷന്റെ മുന്നിലെത്തിയ ഇവർ ശരീരത്തിൽ ഡീസൽ ഒഴിക്കുകയും കൈയ്യിൽ തീപ്പെട്ടിയുമായി ആത്മഹത്യാ ഭീഷണി മുഴക്കുകയുമായിരുന്നു.സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. റോഡിൽ കുത്തിയിരിക്കുന്ന ഇവർക്ക് സമീപം ഒരു ചെറിയ തീജ്വാല കത്തുന്നതും ദൃശ്യങ്ങളിൽ കാണാം.’ഈ സ്റ്റേഷന്റെ ഇൻചാർജ് ആണ് ഞാൻ. വിവാഹം ഞാൻ നടത്തിത്തരാം മോനെ. പറയുന്നതൊന്ന് കേൾക്കൂ. പൂജാരിയെ വിളിക്കുന്നുണ്ട്, ഉള്ളിൽ ക്ഷേത്രവുമുണ്ട്. എന്നെ വിശ്വസിക്കൂ.’ സ്ഥിതിഗതികൾ വഷളായതോടെ സ്റ്റേഷൻ ഹൗസ് ഓഫീസർ നേരിട്ടെത്തി ഇവരുമായി സംസാരിച്ചു. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ ഇവരുടെ കൈയ്യിൽ നിന്നും തീപ്പെട്ടി പിടിച്ചുവാങ്ങാനും ഇവരെ കസ്റ്റഡിയിലെടുക്കാനും പൊലീസിന് കഴിഞ്ഞു.
Source link



