മൊത്തം സമ്മാനത്തുക നൂറ് കോടിയിലും നില്‍ക്കില്ല, കപ്പടിക്കുന്ന ടീമിന് കോളടിക്കും

അഹമ്മദാബാദ്: ട്വന്റി 20 ലോകകപ്പ് ഫൈനലില്‍ ആര് കപ്പടിച്ചാലും ഇത്തവണ കൈയില്‍ കിട്ടാന്‍ പോകുന്നത് റെക്കോഡ് സമ്മാനത്തുക. മുന്‍ എഡിഷനുകളെ അപേക്ഷിച്ച് 20 ശതമാനം വര്‍ദ്ധനവാണ് സമ്മാനത്തുകയില്‍ ഐസിസി വരുത്തിയിട്ടുള്ളത്. ഐസിസി ട്വന്റി 20 ലോകകപ്പിന്റെ ആകെ സമ്മാനത്തുക 13.5 ദശലക്ഷം ഡോളറാണ്. അതായത് ഏകദേശം 120 കോടി രൂപ.കിരീടം നേടുന്ന ടീമിന് ഏകദേശം 27.48 കോടി രൂപയും രണ്ടാം സ്ഥാനക്കാര്‍ക്ക് 14.65 കോടി രൂപയുമാണ് ലഭിക്കുക. സെമിഫൈനലില്‍ പുറത്തായ ദക്ഷിണാഫ്രിക്കയ്ക്കും ഇംഗ്ലണ്ടിനും 7.24 കോടി രൂപ വീതം ലഭിക്കും. സൂപ്പര്‍ എട്ടിലെത്തി പുറത്തായ ടീമുകള്‍ക്ക് ഏകദേശം 3.48 കോടി രൂപ വീതമാണ് ലഭിക്കുക. ടൂര്‍ണമെന്റിന്റെ ആദ്യ റൗണ്ടില്‍ പങ്കെടുത്ത എല്ലാ ടീമുകള്‍ക്കും കുറഞ്ഞത് 2.29 കോടി രൂപ വീതം ലഭിക്കും.മേല്‍പ്പറഞ്ഞ തുക ഐസിസിയുടെ സമ്മാനമാണ്. എന്നാല്‍ വിജയികള്‍ക്കും റണ്ണറപ്പുകള്‍ക്കും വിവിധ ഘട്ടങ്ങളില്‍ പുറത്തായ ടീമുകള്‍ക്കും അതാത് അസോസിയേഷനുകള്‍ വേറെ സമ്മാനത്തുകയും പ്രഖ്യാപിക്കാറുണ്ട്. ഇന്ത്യയാണ് ഇക്കാര്യത്തിലും ബഹുദൂരം മുന്നില്‍. കപ്പടിച്ചാല്‍ ബിസിസിഐയുടെ വകയായി വമ്പന്‍ പ്രഖ്യാപനം തന്നെ എത്തുന്നതാണ് പതിവ്. ഇത് സപ്പോര്‍ട്ട് സ്റ്റാഫിന് ഉള്‍പ്പെടെയുള്ള തുകയായിട്ടാണ് സാധാരണഗതിയില്‍ പ്രഖ്യാപിക്കാറുള്ളത്.
Source link



