ശൈലജയ്ക്ക് മട്ടന്നൂരിലേക്കില്ല, പേരാവൂരിൽ; പികെ ശ്യാമള തളിപ്പറമ്പിൽ, കണ്ണൂരിൽ സിപിഎം സ്ഥാനാർത്ഥി പട്ടികയായി

കണ്ണൂർ: നിയമസഭ തിരഞ്ഞെടുപ്പിൽ കണ്ണൂർ ജില്ലയിൽ നിന്നുള്ള സിപിഎം സ്ഥാനാർത്ഥി പട്ടികയുടെ അന്തിമരൂപമായെന്ന് റിപ്പോർട്ട്. മട്ടന്നൂർ മണ്ഡലത്തിന് പകരം കെകെ ശൈലജയെ പേരാവൂർ മണ്ഡലത്തിൽ മത്സരിപ്പിക്കാനാണ് പാർട്ടി തീരുമാനം. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് യോഗമാണ് സ്ഥാനാർത്ഥി പട്ടികയ്ക്ക് അന്തിമരൂപം നൽകിയത്. കെകെ ശൈലജയ്ക്ക് വീണ്ടും മട്ടന്നൂർ നൽകാനാവില്ലെന്ന് നേതൃത്വം അറിയിച്ചിരുന്നു. ഇതേത്തുടർന്നാണ് കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റായ പേരാവൂരിൽ മത്സരിക്കാമെന്ന സന്നദ്ധത പാർട്ടിയെ അറിയിച്ചത്.
നിലവിൽ കെപിസിസി അദ്ധ്യക്ഷൻ സണ്ണി ജോസഫിന്റെ മണ്ഡലമാണ് പേരാവൂർ. അടുത്ത തിരഞ്ഞെടുപ്പിലും സണ്ണി ജോസഫ് തന്നെ മത്സരിക്കാനാണ് സാദ്ധ്യത. 2006ൽ കെകെ ശൈലജ പേരാവൂരിൽ നിന്ന് വിജയിച്ച് സഭയിൽ എത്തിയിരുന്നു. അന്ന് 9000 വോട്ടിന്റെ ഭൂരിപക്ഷമാണ് ശൈലജയ്ക്ക് ലഭിച്ചത്. എന്നാൽ 2011ലെ തിരഞ്ഞെടുപ്പിൽ സണ്ണി ജോസഫിനോട് മത്സരിച്ച കെകെ ശൈലജ 3000ൽ കൂടുതൽ വോട്ടുകൾക്ക് പരാജയപ്പെട്ടിരുന്നു. ഇത്തവണ ശൈലജയുടെ ജനകീയ മുഖം വച്ച് മണ്ഡലം പിടിക്കാമെന്നാണ് സിപിഎം കരുതുന്നത്. ശൈലജ മാറുന്നതോടെ മട്ടന്നൂരിൽ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ് സ്ഥാനാർത്ഥിയാകും.
സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ സീറ്റായ തളിപ്പറമ്പിൽ ഭാര്യ പികെ ശ്യാമള മത്സരിക്കും. ജനാധിപത്യ മഹിള ആസോസിയേഷൻ ജില്ലാ സെക്രട്ടറിയും സംസ്ഥാന ജോയിന്റ് സെക്രട്ടറിയുമാണ് ശ്യാമള. സ്പീക്കർ എഎൻ ഷംസീർ വിജയിച്ച തലശേരി മണ്ഡലത്തിൽ കാരായി രാജൻ മത്സരിക്കും. പയ്യന്നൂരിൽ ടിഐ മധുസൂദനൻ തന്നെ മത്സരിക്കും.
Source link



