‘കുറേക്കാലമായി കളിക്കുന്നു, ഇപ്പോഴും എവിടെ നിന്ന് പന്തെറിയണമെന്ന് അറിയില്ല’; ഷഹീനെതിരെ ആഞ്ഞടിച്ച് അഫ്രീദി

കൊളംബോ: ട്വന്റി-20 ലോകകപ്പിൽ നിന്നും പാകിസ്ഥാൻ പുറത്തായതിനെത്തുടർന്ന് കടുത്ത വിമർശനമാണ് മുൻ പാക് താരങ്ങളടക്കമുള്ളവരിൽ നിന്നും ടീം നേരിടുന്നത്. സൂപ്പർ 8-ൽ തപ്പിത്തടഞ്ഞ നായകൻ സൽമാൻ ആഗയ്ക്കും സംഘത്തിനും ലങ്കയ്ക്കെതിരെയുള്ള കഷ്ടിച്ചുള്ള ജയമൊഴിച്ചാൽ മറ്റൊരു ഐസിസി അംഗരാജ്യത്തെപ്പോലും തോൽപ്പിക്കാൻ കഴിഞ്ഞില്ല.
ഇപ്പോഴിതാ സെമി ഫൈനൽ യോഗ്യത നേടാൻ ലങ്കയ്ക്കെതിരായ നിർണായക മത്സരത്തിലെ പാളിച്ചകളെ ചൂണ്ടികാണിക്കുകയാണ് മുൻ താരം ഷാഹിദ് അഫ്രീദി. പാകിസ്ഥാൻ ഉയർത്തിയ 212 റൺസ് പിന്തുടർന്ന ലങ്കയെ 147 റൺസിൽ ഒതുക്കിയാൽ മാത്രമേ പാകിസ്ഥാന് സെമിയിൽ കയറാൻ കഴിയുമായിരുന്നുള്ളൂ. എന്നാൽ അവസാന ഓവറിൽ ഷഹീൻ അഫ്രീദി 22 റൺസ് വഴങ്ങിയതോടെ പാകിസ്ഥാന്റെ സെമി മോഹങ്ങൾ പൊലിഞ്ഞു. മരുമകൻ കൂടിയായ ഷഹീനെതിരെ കടുത്ത ഭാഷയിലാണ് അഫ്രീദി പ്രതികരിച്ചത്.
‘അവൻ (ഷഹീൻ അഫ്രീദി) കറേക്കാലമായി ക്രിക്കറ്റ് കളിക്കുന്നു. നിർണായകമായ അവസാന ഓവർ എവിടെ നിന്ന് എറിയണമെന്ന് പോലും ഇപ്പോഴും അറിയില്ല. ഒരു വലംകൈയൻ ബാറ്റ്സ്മാൻ ക്രീസിലുള്ളപ്പോൾ വിക്കറ്റിന് ചുറ്റും വന്ന് പന്തെറിയുന്നത് ശരിയല്ല. ഇനി ആ ആംഗിളിൽ തന്നെ എറിയണമെന്നുണ്ടെങ്കിൽ സ്റ്റംപിന് നേരെ വേണം എറിയാൻ. തേർഡ് മാനും പോയിന്റും സർക്കിളിന് ഉള്ളിൽ നിൽക്കുമ്പോൾ ഓഫ് സൈഡിന് പുറത്ത് വൈഡ് യോർക്കറുകൾ എറിഞ്ഞു കൊടുക്കരുത്.
ഏഷ്യൻ പിച്ചുകളിൽ ബാറ്റ്സ്മാന്മാർക്ക് അടിച്ചു പറത്താൻ ഏറ്റവും എളുപ്പമുള്ള പന്താണത്. അതിനുപകരം വിക്കറ്റിന് മുകളിലൂടെ പന്തെറിഞ്ഞിരുന്നെങ്കിൽ ബാറ്റ്സ്മാന് സിക്സർ അടിക്കാൻ അത്ര എളുപ്പമാകില്ലായിരുന്നു. ഒരേ തെറ്റുകൾ തന്നെ വീണ്ടും ആവർത്തിക്കുന്നു. വിക്കറ്റിന് ചുറ്റും വന്ന് പന്തെറിയമ്പോൾ പാലിക്കേണ്ട ചില കാര്യങ്ങൾ പോലും ഷഹീൻ പാലിച്ചില്ല. ഇവർക്ക് ഒന്നും പഠിക്കണമെന്നില്ല, പഠിക്കാൻ താല്പര്യവുമില്ല.’ അഫ്രീദി പറഞ്ഞു,.
Source link


