LATEST

സി പി എം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി എ എ റഹീം, വി ജോയി വർക്കലയിൽത്തന്നെ മത്സരിക്കും

തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി എ എ റഹീം എംപിയെ നിയോഗിച്ചു. നിലവിലെ ജില്ലാ സെക്രട്ടറി വി ജോയിയെ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വർക്കലയിൽ നിന്ന് വീണ്ടും മത്സരിപ്പിക്കാൻ പാർട്ടി തീരുമാനിച്ചതോടെയാണ് റഹീമിനെ ജില്ലാ സെക്രട്ടറിയാക്കാൻ ധാരണയായത്. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ സാന്നിദ്ധ്യത്തിൽ ഇന്നുചേർന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് റഹീമിന് താൽക്കാലിക ചുമതല നൽകാൻ തീരുമാനമായത്. മാർച്ച് ആറിനുചേരുന്ന ജില്ലാകമ്മറ്റിയോഗത്തിൽ ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപമുണ്ടാകും.

ജില്ലയിലെ സിപിഎം എംഎൽഎമാരെ മുഴുവൻ സിറ്റിംഗ് സീറ്റുകളിൽ വീണ്ടും മത്സരിപ്പിക്കാൻ പാർട്ടി തീരുമാനിച്ചിരുന്നു. സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇത് അംഗീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ ജോയിയുടെ കാര്യത്തിൽ മാത്രമായിരുന്നു അനിശ്ചിതത്വം നിലനിന്നിരുന്നത്. മണ്ഡലം നിലനിറുത്തണമെങ്കിൽ ജോയി തന്നെ സ്ഥാനാർത്ഥിയാകണമെന്നായിരുന്നു ജില്ലാ കമ്മിറ്റിയുടെ വിലയിരുത്തൽ.

മൂന്നാം വട്ടവും ഭരണം പിടിക്കണമെങ്കിൽ തിരുവനന്തപുരം ജില്ലയിലെ സീറ്റുകൾ കൈപ്പിടിയിലൊതുക്കേണ്ടത് ആവശ്യമാണ്. വിജയസാദ്ധ്യതയ്ക്ക് മുൻഗണന നൽകിയാണ് സംസ്ഥാന സെക്രട്ടിയേറ്റ് ജോയിയെ മത്സരിക്കാൻ നിയോഗിച്ചത്. മണ്ഡലത്തിൽ ഏറെ ജനപ്രിയനാണ് വി ജോയി. നിരവധി വികസന പ്രവർത്തനങ്ങളും അദ്ദേഹം നടത്തിയിട്ടുണ്ട്. പ്രായഭേദമെന്യേ വോട്ടർമാരുമായി വ്യക്തിബന്ധവും കാത്തുസൂക്ഷിക്കുന്നുണ്ട്. ഇതെല്ലാമാണ് ജയത്തിനുള്ള സാദ്ധ്യതകളായി പാർട്ടി വിലയിരുത്തുന്നത്. എൽ ഡി എഫിന് മൂന്നാം ഊഴം കിട്ടുകയാണെങ്കിൽ മന്ത്രിസ്ഥാനം ലഭിക്കാൻ സാദ്ധ്യതയുള്ള വ്യക്തികൂടിയാണ് വി ജോയി .

ജോയി മത്സരിക്കുകയാണെങ്കിൽ വാമനപുരം എം എൽ എ ഡി കെ മുരളിക്ക് ജില്ലാ സെക്രട്ടറി സ്ഥാനം നൽകിയേക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ വാമനപുരം ഉറപ്പിക്കാൻ ഡി കെ മുരളിതന്നെ വേണമെന്ന വാദമുയർന്നതോടെയാണ് റഹീമിനെ ജില്ലാ സെക്രട്ടറിയാക്കാമെന്ന് ധാരണയായത്.

മന്ത്രി വി ശിവൻകുട്ടി (നേമം), വി ജോയ് (വർക്കല), ഒ എസ് അംബിക (ആ​റ്റിങ്ങൽ), ഡി കെ മുരളി (വാമനപുരം), കടകംപള്ളി സുരേന്ദ്രൻ (കഴക്കൂട്ടം), വി കെ പ്രശാന്ത് (വട്ടിയൂർക്കാവ്), ജി സ്​റ്റീഫൻ (അരുവിക്കര), സി കെ.ഹരീന്ദ്രൻ (പാറശാല), ഐ ബി സതീഷ് (കാട്ടാക്കട), കെ ആൻസലൻ (നെയ്യാ​റ്റിൻകര) എന്നിങ്ങനെയാണ് സിപിഎം സ്ഥാനാർത്ഥിപ്പട്ടിക.


Source link

Related Articles

Back to top button