NEWS

മുതലപ്പൊഴിയിൽ രക്ഷാപ്രവർത്തനങ്ങൾക്ക് കരുത്തേകാൻ അത്യാധുനിക റിമോട്ട് നിയന്ത്രിത ബോയ


ചിറയിൻകീഴ് ∙ അഞ്ചുതെങ്ങ് മുതലപ്പൊഴി മത്സ്യബന്ധന തുറമുഖ കേന്ദ്രത്തിൽ അടിയന്തിര രക്ഷാപ്രവർത്തനങ്ങൾക്കു സഹായകമാകുന്ന അത്യാധുനിക റിമോട്ട് നിയന്ത്രിത ലൈഫ് ബോയ എത്തിച്ചു. അടിയന്തര ഘട്ടങ്ങളിൽ വേഗത്തിലും സുരക്ഷിതമായും മത്സ്യത്തൊഴിലാളികളുടെ ജീവൻ രക്ഷിക്കാൻ സഹായിക്കുന്ന ലൈഫ് ബോയ ആത്മനിർഭർ ഭാരത് പദ്ധതിക്കു കീഴിൽ പൂർണമായും ഇന്ത്യയിൽ നിർമിച്ചതാണ്. കേന്ദ്ര സർക്കാരിന്റെ മികച്ച സ്റ്റാർട്ടപ് പുരസ്കാരവും ഇന്ത്യൻ നാവികസേനയുടെ അംഗീകാരവും ലഭിച്ചിട്ടുണ്ട്.ശക്തമായ തിരമാലകൾ ഉള്ള മുതലപ്പൊഴിയിൽ സുരക്ഷിതമായി സഞ്ചരിക്കാൻ ഇതിന്റെ ട്രിമാരൻ വി-ആകൃതിയിലുള്ള പ്രത്യേക ഘടനയ്ക്ക് സാധിക്കും. അപകടത്തിൽപെടുന്ന ഒരാളുടെ അടുത്തേക്കു മണിക്കൂറിൽ 25 കിലോമീറ്റർ വേഗത്തിൽ എത്താൻ കഴിയുന്ന ഇതിന്റെ ത്രസ്റ്ററുകൾ മറൈൻ ഗ്രേഡ് അലുമിനിയം ഉപയോഗിച്ചാണു നിർമിച്ചിട്ടുള്ളത്. ഇതുമൂലം ബോയ തുരുമ്പിക്കുന്നത് പ്രതിരോധിക്കാം. രക്ഷാപ്രവർത്തകർക്കു കരയിലോ ബോട്ടിലോ ഇരുന്ന് ഒരു കിലോമീറ്റർ ദൂരപരിധിയിൽ റിമോട്ട് ഉപയോഗിച്ചു കൃത്യമായി നിയന്ത്രിക്കാനാകും. രണ്ടു മണിക്കൂർ കൊണ്ടു 90ശതമാനം വരെ ചാർജ് ചെയ്യാനാകുന്ന ബാറ്ററിയാണ് ഘടിപ്പിച്ചിട്ടുള്ളത്.


Source link

Back to top button