NEWS
വി.ഡി.സതീശൻ പറയുന്നു: ‘നടപ്പാക്കാൻ കഴിയുന്ന പദ്ധതികളേ ബജറ്റിൽ പ്രഖ്യാപിക്കൂ’; പൊതുമേഖല പൂട്ടില്ല, കേന്ദ്രവുമായി യുദ്ധമില്ല

നടപ്പാക്കാൻ കഴിയുന്ന പദ്ധതികളേ വരുന്ന സംസ്ഥാന ബജറ്റിൽ പ്രഖ്യാപിക്കൂ എന്നും വൻകിട പദ്ധതികളുടെ പ്രഖ്യാപനം പ്രതീക്ഷിക്കാമെന്നും മുഖ്യമന്ത്രി വി.ഡി.സതീശൻ. ജനങ്ങളിൽനിന്നു പരമാവധി ആശയങ്ങൾ സമാഹരിക്കുന്നുണ്ട്. അതിൽ നടപ്പാക്കാൻ കഴിയുന്ന പദ്ധതികൾ സ്വീകരിക്കും. പ്രഖ്യാപിക്കുന്നവ സമയബന്ധിതമായി നടപ്പാക്കുക എന്ന വെല്ലുവിളിയും ഏറ്റെടുക്കും. തമിഴ്നാട്ടിൽ അതിവേഗമാണ് പദ്ധതി നടത്തിപ്പ്. ഒരു പദ്ധതി പ്രഖ്യാപിച്ചാൽ ജൂൺ, ജൂലൈ മാസങ്ങളിൽ ഭരണാനുമതി നൽകി ഡിസംബറിൽ ആരംഭിക്കാൻ കഴിയണം. എന്നാൽ, ഡിസംബർ ആകുമ്പോഴാണ് പദ്ധതിയെക്കുറിച്ച് എംഎൽഎമാർ അന്വേഷിക്കുന്നത്. ഈ രീതി മാറാൻ എംഎൽഎമാർക്കു പരിശീലനം നൽകും. കാലതാമസം കാരണം കരാറുകാർ പ്രവൃത്തികൾ ഇട്ടിട്ടു പോകുന്ന പ്രശ്നവും പരിഹരിക്കും. ∙ വിലക്കയറ്റം തടയും വലിയ വിലക്കയറ്റമാണ് ജനം നേരിടുന്നത്. ഇന്ധനത്തിന് ഒന്നോ രണ്ടോ രൂപ കുറയ്ക്കുന്നതിനെക്കാൾ നല്ലത് വിപണിയിൽ വിലക്കയറ്റം പിടിച്ചുനിർത്താൻ ഇടപെടുകയാണ്. ഇന്ധനത്തിനു വില കുറച്ചാൽ ഉൽപന്നങ്ങൾക്കു വില കുറയില്ല. ∙ പൊതുമേഖല പൂട്ടില്ല എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും പൂട്ടിക്കുകയല്ല സർക്കാരിന്റെ ലക്ഷ്യം. പൊതുമേഖലാ സ്ഥാപനങ്ങൾ കാര്യക്ഷമമായി പ്രവർത്തിക്കാത്തതിനാൽ സംസ്ഥാന ഖജനാവിനു കോടികളുടെ നഷ്ടം സംഭവിക്കുകയാണ്. നഷ്ടത്തിലോടുന്ന സ്ഥാപനങ്ങളെ പരിഷ്കരിച്ച് സ്വന്തം കാലിൽ നിൽക്കാൻ സൗകര്യമൊരുക്കും. ∙ കിഫ്ബിയിൽ മാറ്റം കിഫ്ബിയെക്കുറിച്ചു വിശദപഠനം വേണ്ടിവരും. പെട്ടെന്നു കിഫ്ബി വേണ്ടെന്നു വയ്ക്കാൻ കഴിയില്ല. വലിയ ബാധ്യതയാണ് കിഫ്ബി വരുത്തിവച്ചിരിക്കുന്നത്. തുടരുന്ന ഒരു പദ്ധതിയെയും ബാധിക്കാത്ത തരത്തിലുള്ള നടപടികളേ സ്വീകരിക്കൂ. പൊതുമരാമത്തു വകുപ്പിനു കാര്യക്ഷമതയില്ലെന്ന കാരണം പറഞ്ഞാണ് കിഫ്ബിയെ കഴിഞ്ഞ സർക്കാർ ഇത്രത്തോളം പിന്തുണച്ചത്. അതു ശരിയല്ല. കിഫ്ബിയെക്കുറിച്ചുള്ള കണ്ടെത്തൽ വളരെ ഞെട്ടിക്കുന്നതായിരുന്നു. അതൊരു സ്വതന്ത്ര സാമ്രാജ്യമായാണ് പ്രവർത്തിച്ചത്. കിഫ്ബിയുടെ എല്ലാ ബാധ്യതയും സർക്കാർ വഹിക്കണം; എന്നാൽ, സർക്കാരിന് അവിടെ ഒരു റോളുമില്ലാത്ത സ്ഥിതിയാണ്. ∙ കേന്ദ്രത്തിനെതിരെ യുദ്ധമില്ല ഈ സർക്കാർ വന്നത് കേന്ദ്രത്തിനെതിരെ യുദ്ധപ്രഖ്യാപനം നടത്താനല്ല. ഒരു പ്രശ്നമുണ്ടായാൽ അപ്പോൾ അഭിപ്രായം പറഞ്ഞാൽ പോരേ? എല്ലാറ്റിലും രാഷ്ട്രീയം കാണേണ്ട ആവശ്യമില്ല. പ്രകടനപത്രിക, നയപ്രഖ്യാപനം, ധവളപത്രം എന്നിവയുടെ തുടർച്ചയായിരിക്കും ബജറ്റ്. ∙ നിക്ഷേപം വരുന്നു ഭരണം മാറിയതോടെ ഒട്ടേറെ നിക്ഷേപകർ പ്രതീക്ഷയോടെ സമീപിക്കുന്നുണ്ട്. അവർക്കു വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കും. അവർക്കു തടസ്സമുണ്ടാകാത്ത തരത്തിൽ എല്ലാ മേഖലയിലും ആവശ്യമായ പരിഷ്കാരങ്ങൾ വരുത്തും.
Source link


