‘റീച്ചിനും ലൈക്കിനും വേണ്ടി അടിസ്ഥാന രഹിതമായ വാർത്തകൾ ചമയ്‌ക്കരുത്’; തരുൺമൂർത്തി

മോഹൻലാലിനെ നായകനാക്കി തരുൺമൂർത്തി സംവിധാനം ചെയ്യുന്ന അതിമനോഹരം ഉടൻ തിയറ്ററിലെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. എന്നാൽ, തിരക്കഥയിലെ പൊരുത്തക്കേടുകൾ കാരണം ചിത്രത്തിന്റെ ഷൂട്ടിംഗ് നിർത്തിവച്ചിരിക്കുകയാണെന്ന വാർത്തകൾ അടുത്തിടെയായി സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ, അത്തരം വാർത്തകൾ വ്യാജമാണെന്ന് വ്യക്തമാക്കിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ തരുൺ മൂർത്തി.
‘തിരക്കഥയിലെ കൺഫ്യൂഷൻ കാരണം അതിമനോഹരം സിനിമയുടെ ഷൂട്ടിംഗ് നിർത്തിവച്ചെന്ന രീതിയിൽ വരുന്ന ഓൺലൈൻ വാർത്തകളെക്കുറിച്ച് ചോദിച്ച് ഒരുപാട് സന്ദേശങ്ങളും കോളുകളും എനിക്ക് വരുന്നുണ്ട്. ഈ പ്രചരിക്കുന്ന വാർത്തകൾ തികച്ചും വ്യാജമാണ്. കഴിഞ്ഞ 78 ദിവസങ്ങളായി ഞങ്ങൾ തൊടുപുഴയിൽ തുടർച്ചയായി ചിത്രീകരണത്തിലാണ്. മഴയും മോശം കാലാവസ്ഥയും ഞങ്ങളുടെ ചില പ്ലാനുകളെ ബാധിച്ചിട്ടുണ്ട് എന്നത് സത്യമാണ്. എന്നാൽ, പ്രതിസന്ധികളെയെല്ലാം അതിജീവിച്ച് കടുത്ത ആവേശത്തോടെയും പോസിറ്റിവിറ്റിയോടെയും തന്നെയാണ് ഞങ്ങളുടെ ടീം മുന്നോട്ട് പോകുന്നത്. വ്യക്തിപരമായ ലൈക്കിനും കമന്റിനും റീച്ചിനും വേണ്ടി ഇത്തരം അടിസ്ഥാന രഹിതമായ വാർത്തകൾ ചമയ്‌ക്കരുത്. ഞങ്ങളെ പിന്തുണയ്‌ക്കുന്ന എല്ലാ പ്രേക്ഷകർക്കും നന്ദി’- തരുൺ മൂർത്തി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
Source link


