BUSINESS
കേരളത്തിലെ മഴ കാണാൻ വരാൻ അറബികൾ തയാർ; ചെലവാക്കുന്നത് 5 ലക്ഷം, വിളിക്കാൻ കേരളത്തിന് മടി

കൊച്ചി∙ മഴക്കാലത്ത് കേരള ടൂറിസത്തെ നിലനിർത്തുന്നത് അറബ് രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികളുടെ വരവാണ്. കേരളത്തിലേക്കുള്ള ആകെ വിദേശ ടൂറിസ്റ്റുകളിൽ 15 ശതമാനത്തിലേറെയും അവരാണ്. ഏറ്റവും കൂടുതൽ പണം ചെലവഴിക്കുന്ന വിഭാഗവും അവർ തന്നെ. പക്ഷേ ഗൾഫ് രാജ്യങ്ങളിൽ ടൂറിസം വകുപ്പിന്റെ യാതൊരു പ്രചാരണവും ഇല്ല.യൂറോപ്പിലും യുഎസിലും മറ്റും ടൂറിസം പ്രചാരണം നടത്തുന്നതിന് ലക്ഷങ്ങൾ ചെലവഴിക്കുമെങ്കിലും അവിടങ്ങളിൽ നിന്നു വരുന്ന സഞ്ചാരികളുടെ എണ്ണം കോവിഡിനു ശേഷം കുറഞ്ഞു. യുക്രെയ്ൻ യുദ്ധവും ആഗോള സാഹചര്യങ്ങളും കാരണമായി. ലണ്ടനിലെ ബസുകളിലും ടാക്സികളിലും പോലും കേരള ടൂറിസം പരസ്യങ്ങളുണ്ടെങ്കിലും ഏറ്റവും കൂടുതൽ സഞ്ചാരികൾ വരുന്ന യുഎഇ, സൗദി, ഒമാൻ രാജ്യങ്ങളിൽ ഒന്നുമില്ലെന്ന സ്ഥിതിയാണ്.ഒരു ട്രിപ്പിന് മിനിമം 5000 ഡോളറെങ്കിലും (5 ലക്ഷം രൂപയോളം) അറബ് സഞ്ചാരികൾ ചെലവഴിക്കുന്നുവെന്നാണു കണക്ക്. വലിയ സംഘമാകുമ്പോൾ 25–30 ലക്ഷം വരെ. മുറി വാടകയെക്കാളേറെ ഭക്ഷണത്തിൽ നിന്നാണു വരുമാനം. ലക്ഷങ്ങൾ മുടക്കി വസ്ത്രങ്ങളും സുഗന്ധദ്രവ്യങ്ങളും കരകൗശല വസ്തുക്കളും വാങ്ങുകയും ചെയ്യുന്നു.കഴിഞ്ഞ വർഷം 1.2 ലക്ഷത്തിലേറെപ്പേർ അറബ് രാജ്യങ്ങളിൽ നിന്ന് എത്തി. അതും ഗൾഫിൽ കൊടും ചൂടും കേരളത്തിൽ മഴയുമുള്ള ജൂൺ മുതൽ ഓഗസ്റ്റ് വരെ. കേരളത്തിൽ സഞ്ചാരികൾ വിരളമാകുന്ന ഓഫ് സീസണാണിത്. കൊച്ചിയിലും അതിരപ്പള്ളിയിലും കുമരകത്തുമുള്ള റിസോർട്ടുകളിലും മൂന്നാർ–തേക്കടി–വയനാട് കേന്ദ്രങ്ങളിലുമാണു താമസിക്കുക.കഴിഞ്ഞ വർഷം ഒമാനിൽ നിന്ന് 65103 പേരും യുഎഇയിൽ നിന്ന് 26222 പേരും സൗദിയിൽ നിന്ന് 31564 പേരും എത്തിയിരുന്നു. ഖത്തർ, കുവൈത്ത്, ബഹ്റൈൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും ശ്രമിച്ചാൽ അറബ് സഞ്ചാരികളെ ആകർഷിക്കാൻ കഴിയും.
Source link


