NEWS

‘മുറിവ് ഡ്രസ് ചെയ്തില്ല, മാന്യമായി പെരുമാറിയില്ല’; രോഗിയുടെ കാല്‍ പുഴുവരിച്ച സംഭവത്തില്‍ ഡ്യൂട്ടി ഡോക്ടർക്ക് സസ്പെൻഷൻ‌


തിരുവനന്തപുരം ∙ മെഡിക്കല്‍ കോളജ് ആശുപത്രി ഐസിയുവില്‍ ചികിത്സയ്ക്കിടയില്‍ രോഗിയുടെ കാല്‍ പുഴുവരിച്ച സംഭവത്തില്‍ ഡ്യൂട്ടി ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു. രോഗീ പരിചരണത്തില്‍ ഗുരുതരമായ വിഴ്ചയുണ്ടായെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. അഞ്ചു ദിവസത്തോളം മുറിവ് ഡ്രസ് ചെയ്തില്ല. ബന്ധുക്കള്‍ പരാതിപ്പെട്ടപ്പോള്‍ മാന്യമായി പെരുമാറിയില്ല തുടങ്ങിയ കാര്യങ്ങളാണ് റിപ്പോര്‍ട്ടിലുണ്ടായിരുന്നത്. മെഡിക്കല്‍ കോളജ് വൈസ് പ്രിന്‍സിപ്പലും സര്‍ജറി, ഓര്‍ത്തോ വിഭാഗം മേധാവികളും അടങ്ങുന്ന വിദഗ്ധ സമിതി അന്വേഷണം നടത്തി റിപ്പോര്‍ട്ട് ആരോഗ്യമന്ത്രിക്ക് ഉള്‍പ്പെടെ കൈമാറിയിരുന്നു.  പാരിപ്പള്ളി തെറ്റിക്കുഴി പുതിയപാലം രാജേഷ് ഭവനില്‍ രാജേന്ദ്ര പ്രസാദിന്റെ (61) കാലില്‍ പുഴുവരിച്ചെന്നാണ് പരാതി ഉയര്‍ന്നത്. കഴിഞ്ഞ മാസം 28നു രാവിലെ പാരിപ്പള്ളി- മടത്തറ റോഡില്‍ ജവാഹര്‍ ജംക്ഷനു സമീപമാണ് അപകടം. ഇരുചക്രവാഹനത്തില്‍ പോകുന്നതിനിടെ പിന്നാലെ വന്ന ബൈക്ക് ഇടിക്കുകയായിരുന്നു. കാലിനു ഗുരുതരമായി പരുക്കേറ്റ രാജേന്ദ്ര പ്രസാദിനെ പാരിപ്പള്ളി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് ആദ്യം എത്തിച്ചത്. ഇവിടെ നിന്നു തിരുവന്തപുരത്തേക്കു റഫര്‍ ചെയ്തു. വെഞ്ഞാറമുട്ടിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഗുരുതര പരുക്ക് ആയിരുന്നതിനാല്‍ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടു പോയി. രാത്രി തന്നെ അടിയന്തര ശസ്ത്രക്രിയ നടത്തി കാലില്‍ കമ്പികള്‍ ഇട്ടു തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. 5 ദിവസം ഐസിയുവില്‍ കിടന്ന ശേഷം കഴിഞ്ഞ ദിവസം ഇരുപതാം വാര്‍ഡിലേക്ക് മാറ്റി. വാര്‍ഡില്‍ അഡ്മിറ്റായ ശേഷം മകന്‍ വീട്ടിലേക്ക് മടങ്ങിയിരുന്നു.


Source link

Back to top button