NEWS

വ്യാജ ആയുധ നിർമാണ റാക്കറ്റ്: കേരളത്തിൽ നടത്തിയത് മണിചെയിൻ തട്ടിപ്പ്, ചുക്കാൻ പിടിച്ചത് എസ്പി റാങ്കിൽ വിരമിച്ച ഉദ്യോഗസ്ഥർ


കൊച്ചി ∙ യുഎസ് പ്രതിരോധ വകുപ്പിന്റെ ആയുധനിർമാണ കരാർ ലഭിച്ചെന്നു നിക്ഷേപകരെ വിശ്വസിപ്പിച്ച് 700 കോടി രൂപ തട്ടിയെടുത്ത രാജ്യാന്തര റാക്കറ്റ് കേരളത്തിൽ പയറ്റിയതു മണിചെയിൻ മാതൃകയിലുള്ള തട്ടിപ്പുരീതി. 2025 മുതൽ കമ്പനിയുടെ ലാഭ വിഹിതവും ആജീവനാന്ത അമേരിക്കൻ വീസയും ഗ്രീൻ കാർഡും യുഎസിൽ മികച്ച ജോലിയും വാഗ്ദാനം ചെയ്താണ് ആദ്യഘട്ടത്തിൽ ഇരകളെ സ്വാധീനിച്ചത്. ഇവരെ പിന്നീടു കമ്മിഷൻ ഏജന്റുമാരാക്കി കൂടുതൽ പേരെ കുടുക്കി.ഓരോ പുതിയ ഇരയും കമ്പനിക്ക് ‘ഏണസ്റ്റ് മണി ഡിപ്പോസിറ്റ്’ (ഇഎംഡി) എന്ന പേരിൽ നൽകുന്ന തുകയുടെ 20% അവരെ കൊണ്ടുവരുന്ന നിക്ഷേപകനു നൽകിയിരുന്നു. രണ്ടാമത്തെ ഇര കൈമാറുന്ന തുകയുടെ 25 ശതമാനവും മൂന്നാമത്തെ ഇര നൽകുന്ന തുകയുടെ 30 ശതമാനവും ഇവരെ കൂട്ടിക്കൊണ്ടു വരുന്ന നിക്ഷേപകർക്കു നൽകും. ഇങ്ങനെ മൂന്നു പുതിയ നിക്ഷേപകരെ തട്ടിപ്പു കമ്പനിയിലേക്ക് എത്തിക്കുമ്പോൾ മണിചെയിനിലെ ഒരു റൗണ്ട് പൂർത്തിയാവും. നാലാമത്തെ ഇരയെ രണ്ടാമത്തെ റൗണ്ടിന്റെ ആദ്യ അംഗമായി കണക്കാക്കി കമ്മിഷൻ ക്രമം ആവർത്തിക്കും. ഇത്തരത്തിൽ മൂന്നു വീതം പുതിയ അംഗങ്ങളെ തട്ടിപ്പു കമ്പനിയുടെ കെണിയിൽ വീഴ്ത്തി അഞ്ചും ആറും റൗണ്ട് പൂർത്തിയാക്കി കോടികൾ കമ്മിഷൻ കൈപ്പറ്റിയവരും നിക്ഷേപകരുടെ കൂട്ടത്തിലൂണ്ട്. ഇവരിൽ ചിലരെ കമ്പനി ജീവനക്കാരായും നിയമിച്ചിട്ടുണ്ട്.തട്ടിപ്പു നടത്തിയ കടലാസ് കമ്പനി ‘വിപിവിവി’യുടെ പേരിന്റെ പൂർണ രൂപം ‘വിനോദ് വാരിയർ– പ്രദീപ്കുമാർ– വെങ്കിട്ട വെങ്കിട്’ എന്നാണ്. പിൽക്കാലത്ത് ആദ്യ രണ്ടു പേരുകാർ കമ്പനിയുടെ പ്രവർത്തനങ്ങളിൽനിന്നു വിട്ടുനിന്ന് വെങ്കിട്ട വെങ്കിടിനെ ചെയർമാനും കമ്പനിയുടെ മുഖവുമായി അവതരിപ്പിക്കുകയായിരുന്നു. തട്ടിപ്പിന്റെ മുഖ്യ സൂത്രധാരൻ ‘ഡോക്ടർ സാബ്’ ആണ് കമ്പനിയുടെ രക്ഷാധികാരിയും ആത്മീയ ഗുരുവും. അമേരിക്കയുടെയും ഇന്ത്യയുടെയും അതീവ രഹസ്യസ്വഭാവമുള്ള ആയുധനിർമാണ പദ്ധതികളാണു കമ്പനി ഏറ്റെടുത്തിരിക്കുന്നതെന്നും കമ്പനിയുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും രണ്ടു രാജ്യങ്ങളുടെയും ‘ഔദ്യോഗിക രഹസ്യമാണെന്നും’ അതു പുറത്തുപോകാതെ സൂക്ഷിക്കണമെന്നും അംഗങ്ങളെ റാക്കറ്റ് ധരിപ്പിച്ചിരുന്നു. ഇതിനു വേണ്ടിയുള്ള ‘സത്യപ്രതിജ്ഞ’ പുതിയ അംഗങ്ങളെക്കൊണ്ടു ചൊല്ലിച്ചിരുന്നത് ‘ഡോക്ടർ സാബാ’ണ്.


Source link

Back to top button