NEWS
എറണാകുളത്ത് വയോധിക മരിച്ചു; എച്ച്1എൻ1 ബാധിച്ചെന്ന് സംശയം

കൊച്ചി∙ എറണാകുളത്ത് 75കാരി മരിച്ചത് എച്ച്1എൻ1 (പന്നിപ്പനി) ബാധിച്ചെന്ന് സംശയം. ഇടപ്പള്ളി സ്വദേശിനി കെ.ലളിതാംബികയാണ് ഇന്ന് പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. അതേസമയം, കൂടുതൽ പരിശോധനാഫലങ്ങൾ ലഭിച്ചാൽ മാത്രമേ ഇത് എച്ച്1എൻ1 ബാധിച്ചുള്ള മരണമാണോ എന്നു സ്ഥിരീകരിക്കാൻ കഴിയൂ എന്നാണ് ആരോഗ്യവകുപ്പ് ജില്ലാ അധികൃതർ വ്യക്തമാക്കിയത്. കടുത്ത പനിയും ശ്വാസതടസവും അനുഭവപ്പെട്ടതിനെ തുടർന്ന് മേയ് 30നാണ് വയോധികയെ പാലാരിവട്ടത്തെ എറണാകുളം മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ആരോഗ്യനില വഷളാവുകയും ഇന്ന് ഉച്ചയോടെ മരണം സംഭവിക്കുകയുമായിരുന്നു. ആശുപത്രിയിൽ നടത്തിയ പരിശോധനകളിൽ ഇവർക്ക് എച്ച്1എൻ1 സ്ഥിരീകരിച്ചിരുന്നതായും ഈ വിവരം ആരോഗ്യവകുപ്പിനെ അറിയിച്ചിട്ടുണ്ടെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി. എന്നാൽ ഔദ്യോഗിക സ്ഥിരീകരണത്തിനായി കൂടുതൽ പരിശോധനകളുടെ ഫലം കൂടി അറിയേണ്ടതുണ്ടെന്നും എന്തൊക്കെ പരിശോധനകൾ ആശുപത്രിയിൽ നടത്തിയിട്ടുണ്ടെന്നു നോക്കണമെന്നും അതിനു ശേഷമേ ശേഷമേ ഇത് എച്ച്1എൻ1 മൂലമുള്ള മരണമാണോ എന്നു സ്ഥിരീകരിക്കാൻ സാധിക്കൂ എന്നും ഔദ്യോഗികവൃത്തങ്ങൾ പറഞ്ഞു. കൂടുതൽ വ്യക്തത വരുത്താൻ ആവശ്യമെങ്കിൽ വീണ്ടും പരിശോധന നടത്തുമെന്നും അധികൃതർ അറിയിച്ചു.
Source link


