TRAVEL

മനുഷ്യനും മൂർഖനും കഴിയുന്നത് ഒരേമുറിയിൽ, വീട്ടിൽ സർവസ്വാതന്ത്ര്യം; അപൂർവ ഗ്രാമമുള്ളത് നമ്മുടെ രാജ്യത്ത്

യാത്രകൾ ചെയ്യാൻ ഇഷ്‌ടമല്ലാത്തവർ വളരെ അപൂർവമാണ്. എന്നാൽ, സാധാരണയിൽ നിന്ന് വ്യത്യസ്‌തമായി ഓരോ ഗ്രാമങ്ങളെയും അവിടുത്തെ ആചാരങ്ങളെയും കുറിച്ച് വിശദമായി മനസിലാക്കി യാത്ര ചെയ്യുന്നവരുണ്ട്. ഇങ്ങനെയുള്ളവർക്ക് പോകാൻ പറ്റിയ ഗ്രാമമാണ് മഹാരാഷ്‌ട്രയിലെ സോലാപൂർ ജില്ലയിലെ ഷെത്‌പാൽ. പൂനെയിൽ നിന്ന് 200 കിലോമീറ്റർ അകലെയാണ് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്. പാമ്പുകൾക്ക് മനുഷ്യരേക്കാൾ പ്രാധാന്യം നൽകുന്നു എന്നതാണ് ഇവിടുത്തെ ഏറ്റവും വലിയ പ്രത്യേകത.

ഇവിടെ പാമ്പുകളെ ആരാധിക്കുക മാത്രമല്ല, വീടുകളിൽ സ്ഥിരമായി താമസിക്കാൻ ഇടം നൽകുകയും ചെയ്യുന്നു. ഇവിടുത്തെ മിക്ക വീടുകളിലും പാമ്പുകൾക്ക് എപ്പോൾ വേണമെങ്കിലും കയറാം. എവിടെ വേണമെങ്കിലും ഇരിക്കാം. കൊടും വിഷമുള്ള മൂർഖൻ പാമ്പിനെയാണ് ഈ നാട്ടിലെ ജനങ്ങൾ കുടുംബാംഗത്തെപ്പോലെ കാണുന്നത്. ഗ്രാമത്തിലെ മുഴുവൻ പാമ്പുകൾക്കും ഇത്തരത്തിലുള്ള സ്വാതന്ത്ര്യമുണ്ട്. ‌‌

ഇവിടുത്തെ കുട്ടികൾക്ക് പോലും പാമ്പുകളെ ഭയമില്ല. ക്ലാസ്റൂമുകളിൽ പോലും പാമ്പുകൾ വന്നിരിക്കാറുണ്ട്. എല്ലാ കെട്ടിടങ്ങളിലും പാമ്പുകൾക്കായി പ്രത്യേക വാസസ്ഥലം ഇവർ ഒരുക്കാറുണ്ട്. ഈ പ്രത്യേക സ്ഥലത്തെ ദേവസ്ഥാനം എന്നാണ് ഗ്രാമത്തിലുള്ളവർ പറയുന്നത്. പുതിയ വീട് പണിയുമ്പോൾ പോലും ഇത്തരത്തിൽ പാമ്പുകൾക്കായി ഒരിടം ഗ്രാമീണർ ഒരുക്കാറുണ്ട്. അതിനാൽത്തന്നെ ഷെത്‌പാൽ ഗ്രാമത്തെ പാമ്പുകളുടെ നാടെന്നാണ് അറിയപ്പെടുന്നത്. ഈ ഗ്രാമത്തിലുള്ള പാമ്പുകളൊന്നും മനുഷ്യരെയും ഉപദ്രവിക്കാറില്ല എന്നതാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത.


Source link

Back to top button