NEWS

തൃണമൂൽ പിളരുമോ? 80 എംഎൽഎമാരിൽ 60 പേരും യോഗത്തിനെത്തിയില്ല; പരിഭ്രാന്തിയിൽ നേതൃത്വം


കൊൽക്കത്ത∙ തൃണമൂൽ കോൺഗ്രസ് പിളരുമോയെന്ന ആശങ്കയിൽ നേതൃത്വം. പുതുതായി തിരഞ്ഞെടുക്കപ്പെട്ട തൃണമൂൽ കോൺഗ്രസ് നിയമസഭാംഗങ്ങളിൽ ഭൂരിപക്ഷം പേരും എത്താതെ വന്നതോടെ കഴിഞ്ഞ ദിവസം മമത ബാനർജിയുടെ നേതൃത്വത്തിൽ നടത്താനിരുന്ന യോഗം റദ്ദാക്കി. 80 എംഎൽഎമാരിൽ 20 പേർ മാത്രമാണ് മമതയുടെ വീട്ടിൽ ഞായറാഴ്ച വൈകിട്ട് വിളിച്ചു ചേർത്ത യോഗത്തിന് എത്തിയത്. എംപിമാരായ അഭിഷേക് ബാനർജിയും കല്യാൺ ബാനർജിയും ആക്രമിക്കപ്പെട്ടതിൽ പ്രതിഷേധിക്കാൻ മണ്ഡലങ്ങളിൽ തുടരുന്നതിനാലാണ് മറ്റുള്ളവർ എത്താത്തതെന്ന് പാർട്ടി വക്താവ് കുനാൽ ഘോഷ് പറഞ്ഞു. എന്നാൽ 60 പേർ വിട്ടുനിന്നത് പാർട്ടിയിൽ പരിഭ്രാന്തി സൃഷ്ടിച്ചിട്ടുണ്ട്.ബിജെപി ബംഗാളിൽ ഭരണത്തിലെത്തിയതോടെ തൃണമൂൽ നേതാക്കൾ ആക്രമിക്കപ്പെടുന്നുണ്ട്. തിരഞ്ഞെടുപ്പിനു പിന്നാലെയുണ്ടായ അക്രമം അന്വേഷിക്കാനെത്തിയ ശ്രീറാംപുർ എംപി കല്യാൺ ബാനർജിക്ക് ആക്രമണത്തിൽ തലയ്ക്കാണു പരുക്കേറ്റത്. ഹൂഗ്ലി ജില്ലയിലെ പൊലീസ് സ്റ്റേഷനു മുന്നിൽ വച്ച് പതിഞ്ചോളം ബിജെപി പ്രവർത്തകർ തന്നെ ആക്രമിച്ചതായി കല്യാൺ പറഞ്ഞു. കഴിഞ്ഞദിവസം സോണാർപുർ മേഖലയിൽ വച്ച് തൃണമൂൽ ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി എംപിയെയും ആൾക്കൂട്ടം ആക്രമിച്ചിരുന്നു. തിരഞ്ഞെടുപ്പിനു ശേഷമുണ്ടായ അക്രമത്തെപ്പറ്റി പരാതി നൽകാൻ ചാന്ദിതാല പൊലീസ് സ്റ്റേഷനിലെത്തിയപ്പോഴാണ് കല്യാൺ ബാനർജിക്കെതിരെ കയ്യേറ്റമുണ്ടായത്.


Source link

Back to top button