‘ആർത്തവം സ്ത്രീകളുടെ സ്വകാര്യ അഭിമാനം; മാസാമാസം ക്ലാസിൽ പോകാതിരുന്നാൽ നാട്ടുകാർ അറിയും ആർത്തവം ആണെന്ന്’

സ്കൂൾ വിദ്യാർത്ഥിനികൾക്ക് മാസത്തിൽ മൂന്നുദിവസം വരെ ആർത്തവ അവധി നൽകുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് വി ഡി സതീശൻ സർക്കാർ. അവധിയുടെ ഫലമായി പഠനത്തിൽ പിന്നിലാവാതിരിക്കാൻ വാരാന്ത്യത്തിൽ ക്യാച്ച് അപ്പ് ക്ലാസുകൾ നടത്തുമെന്നും നയപ്രഖ്യാപനത്തിൽ വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ ആർത്തവാവധിക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് വട്ടിയൂർക്കാവ് കൗൺസിലർ ആർ ശ്രീലേഖ. ആർത്തവാവധി പെൺകുട്ടികളെ കൂടുതൽ അബലകൾ ആക്കുമെന്നാണ് ശ്രീലേഖ പറയുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു വിമർശനം.
കുറിപ്പിന്റെ പൂർണരൂപം
വിദ്യാർഥിനികൾക്ക് മൂന്ന് ദിവസം വരെ എല്ലാ മാസവും ആർത്തവാവധി പ്രഖ്യാപിച്ച സർക്കാർ നയം ശരിക്കും പെൺകുട്ടികളെ ശക്തരാക്കുമോ അതോ കൂടുതൽ അബലകൾ ആക്കുമോ? ആർത്തവം സ്ത്രീകളുടെ സ്വകാര്യ അഭിമാനമാണ്. അതിൽ ചിലർക്ക് ചില വേദനയും ബുദ്ധിമുട്ടും ഒക്കെ ഉണ്ടാകും. ചിലർക്ക് വളരെ സ്വാഭാവികമായും അനുഭവപ്പെടും. ആ സമയം വളരെ കഠിനമായ വേദനയുണ്ടായിരുന്ന ഞാൻ ഒരിക്കൽ പോലും ഈ കാരണം പറഞ്ഞു സ്കൂളിലോ കോളേജിലോ പോകാതിരുന്നിട്ടില്ല.
ഐപിഎസ് പരിശീലന സമയത്തെ കഠിനമായ വ്യായാമ മുറകളിൽ നിന്ന് ആ ദിവസങ്ങളിൽ ഞങ്ങൾ പെൺകുട്ടികൾ ഒരിക്കലും മാറി നിന്നിട്ടില്ല. തീരെ വയ്യാത്തപ്പോൾ മാത്രമാണ് അവധി എടുത്തിരുന്നത്. അതൊക്കെയാണ് സ്ത്രീകളുടെ ശക്തി! എന്നാൽ ഇപ്പോൾ മാസാമാസം ക്ലാസിൽ പോകാതിരുന്നാൽ വീട്ടുകാരും, വിദ്യാലയവും, നാട്ടുകാരും ഒക്കെ അറിയും എപ്പോഴാണ് ഏതു കുട്ടിക്ക് ആർത്തവം എന്ന്! ഇതാണോ menstrual dignity? നാണക്കേടല്ലേ?
ഇതുപോലുള്ള സൗജന്യങ്ങൾക്ക് പകരം എല്ലാ സ്കൂളിലും കോളേജിലും പെൺകുട്ടികൾക്ക് വൃത്തിയുള്ള ശൗചാലയങ്ങളും napkin wending മെഷീനുകളും നൽകാൻ ഏർപ്പാടാക്കിക്കൂടെ? അത്യാവശ്യമെങ്കിൽ സൗജന്യ വേദന സംഹാരി മരുന്നുകൾ വിദ്യാലയങ്ങളിൽ ലഭ്യമാക്കുകയും ചെയ്യാം. അതൊക്കെ എല്ലാ വനിതാ ടീച്ചറിനും സ്റ്റാഫിനും ഗുണകരമാവുകയും ചെയ്യും.
ഒരു പെൺകുട്ടിയും ഈ കാരണം പറഞ്ഞുകൊണ്ട് പഠിക്കാൻ പോകാതെ മൂന്നല്ല, ഒരു ദിവസം പോലും വീട്ടിൽ ഇരിക്കാൻ ആഗ്രഹിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. ഇത് സാധാരണ നിലയിൽ സമ്മതിക്കുന്ന മാതാപിതാക്കളും ഉണ്ടാവില്ല.
Source link
NEWS


