BUSINESS

ബാൽക്കണിയിൽ വിളയിക്കാം 100 മേനി; മണ്ണില്ലാ കൃഷിയുമായി ‘ഹേയ് ഫാർമർ’, മുടക്കുമുതൽ‌ തിരിച്ചുപിടിക്കാം 9 മാസംകൊണ്ട്


വെറും 10 മിനിറ്റ് മാറ്റിവയ്ക്കാനുണ്ടോ? അതും ഒരാഴ്ചയിൽ! ബാൽക്കണിയിൽ വിളയിക്കാം 100 മേനി പച്ചക്കറികൾ. മണ്ണില്ലാതെ കൃഷി ചെയ്യാം. തക്കാളിയും പടവലവും പാവക്കയും പാലക്കും മുളകും ലെറ്റ്യൂസും സ്ട്രോബറിയും തുടങ്ങി 30ലേറെ വിഷരഹിത പച്ചക്കറികൾ വിളയിക്കാം. തീരെക്കുറഞ്ഞ സ്ഥലത്തും പച്ചക്കറിക്കൃഷി നടത്താനുള്ള ടെക്നിക്, എറണാകുളത്തെ ‘ഹേയ് ഫാർമർ‌’ എന്ന സ്റ്റാർ‌ട്ടപ്പാണ് വികസിപ്പിച്ചത്. ‘എയ്റോപോണിക്സ്’ എന്ന കൃഷിരീതിയാണിത്. സുഹൃത്തുക്കളായ ശരത് കൃഷ്ണ, ക്രിസ്റ്റിൻ ജോ റെജി, തേജസ് കൃഷ്ണ, ജെറിൻ ജെ മാത്യു എന്നിവരാണ് ഇതിന് പിന്നിൽ. 2024 ജനുവരിയിലാണ് ഹേയ് ഫാർമറിന്റെ തുടക്കം. ടെറസിലെ കൃഷി കേരളത്തിലും വ്യാപകമാണെങ്കിലും ഇതിനു വേണ്ടി നിലമൊരുക്കുന്നതും പരിപാലനവുമൊന്നും സാധാരണക്കാർക്ക് അത്ര എളുപ്പമല്ല. ഇതിന് പരിഹാരം കാണാനാണ് കുറഞ്ഞ വെള്ളവും വളവും ഉപയോഗിച്ച് ഇൻഡോർ കൃഷി സാധ്യമാക്കുന്ന എയ്റോപോണിക്സ് വികസിപ്പിച്ചത്. ടവർ മാജിക്ക്ആഴ്ചയിൽ 10 മിനിറ്റ് മാറ്റിവയ്ക്കാനുണ്ടെങ്കിൽ ആർക്കും കൃഷിക്കാരനായി മാറാമെന്ന് ഹേയ് ഫാർമർ സഹസ്ഥാപകനായ ശരത് കൃഷ്ണ മനോരമ ഓൺലൈനോട് പറഞ്ഞു. ഹേയ് ഫാർമർ വികസിപ്പിച്ച എയ്റോ36 എന്ന എയ്റോപോണിക് ടവറാണ് ഇതിലെ പ്രധാന ഘടകം. കുറഞ്ഞ സ്ഥലത്തുപോലും 36 ഇനം പച്ചക്കറികൾ വളർത്താമെന്നതാണ് പ്രത്യേകത. മണ്ണ് ആവശ്യമില്ല. ദിവസവും വെള്ളവും ഒഴിക്കേണ്ട. ടവറിലുള്ള വാട്ടർ പമ്പ് ഉപയോഗിച്ച് വെള്ളവും വളവും എല്ലായിടത്തും കൃത്യമായി എത്തും. ഓരോ ആഴ്ചയും ഇതിലെ വെള്ളം മാറ്റണമെന്നുമാത്രം. നാലാഴ്ച വരെ വളർച്ചയുള്ള ചെടികളാണ് ടവറിന്റെ കൂടെ നൽകുന്നത്. രണ്ടു മാസത്തേക്കുള്ള വളവും നൽകും. ഇൻസ്റ്റലേഷൻ, പരിപാലനം തുടങ്ങിയ സേവനങ്ങളും ഹേയ് ഫാർമർ ചെയ്തു നൽകും. 6999 രൂപയാണ് ഒരു ടവറിന് വില. ഹേയ് ഫാർമറിന്റെ വെബ്സൈറ്റ് വഴി ഓർഡർ ചെയ്യാം. 15 കിലോ വരെ പച്ചക്കറി ഇതിൽനിന്നു ലഭിക്കും. മുടക്കുമുതൽ 6-9 മാസങ്ങൾക്കുള്ളിൽ തിരിച്ചുകിട്ടുമെന്നും ശരത് പറഞ്ഞു. 72 വിളകൾ ഒരേസമയം കൃഷി ചെയ്യാവുന്ന ഇരട്ട ടവർ വിപണിയിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് ഇപ്പോൾ ഹേയ് ഫാർമർ. സൂര്യപ്രകാശം ആവശ്യമില്ലാത്തതിനാൽ വീട്ടിനുള്ളിൽ പോലും ഇതുപയോഗിച്ച് കൃഷി ചെയ്യാം. മാസം 10 മിനിറ്റു മാത്രം ഇതിനു വേണ്ടി മാറ്റിവച്ചാൽ മതി. ഓരോരുത്തരുടെയും വീട്ടിലേക്ക് ആവശ്യമായ പച്ചക്കറിയുടെ 50 ശതമാനമെങ്കിലും സ്വന്തമായി കൃഷി ചെയ്യുന്ന രീതിയിലേക്ക് മലയാളിയെ മാറ്റുകയാണ് കമ്പനിയുടെ ലക്ഷ്യമെന്നും ശരത് കൃഷ്ണ പറഞ്ഞു. 


Source link

Back to top button