BUSINESS

പ്രതിസന്ധി അതിരൂക്ഷം, സ്വന്തമായി എണ്ണ കുഴിച്ചെടുക്കാൻ പാക്കിസ്ഥാൻ, ഇന്ത്യയെപ്പോലെ ‘എണ്ണശേഖരം’ ഒരുക്കാനും ആലോചന


ഹോർമുസ് പ്രതിസന്ധിയോടെയുണ്ടായ അതിരൂക്ഷ ക്രൂ‍ഡോയിൽ പ്രതിസന്ധി പരിഹരിക്കാൻ സ്വന്തമായി എണ്ണ കുഴിച്ചെടുക്കാനൊരുങ്ങി പാക്കിസ്ഥാൻ. രണ്ടു പതിറ്റാണ്ടിന് ശേഷം ആഴക്കടൽ സമുദ്ര പര്യവേഷണം തുടങ്ങാൻ തീരുമാനം. സിന്ധ്, ബലൂച്ചിസ്ഥാൻ മേഖലയോട് ചേർന്ന സിന്ധു – മക്രാൻ കടലിലാണ് പര്യവേഷണം നടത്തുക.രാജ്യത്തിന് ആവശ്യമായ ക്രൂഡോയിൽ മുഴുവൻ ഇറക്കുമതിയിലൂടെ കണ്ടെത്തുന്ന രാജ്യമാണ് പാക്കിസ്ഥാൻ. രാജ്യാന്തര വിപണിയിലെ എണ്ണവിലയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ പാക്കിസ്ഥാന്റെ സാമ്പത്തിക മേഖലയെയും ബാധിക്കുക പതിവാണ്. ഇറാൻ യുദ്ധത്തോടെ ഹോർമുസ് കടലിടുക്ക് അടഞ്ഞത് സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന പാക്കിസ്ഥാന്റെ സ്ഥിതി കൂടുതൽ മോശമാക്കി. രാജ്യത്ത് പെട്രോൾ,ഡീസൽ വില കുത്തനെ ഉയർന്നു. സർക്കാർ ഓഫീസുകളിൽ വർക്ക് ഫ്രം ഹോം പ്രഖ്യാപിക്കുകയും സ്കൂളുകൾ ഓൺലൈൻ പഠനത്തിലേക്ക് മാറ്റുകയും ചെയ്തു.പാക്കിസ്ഥാൻ തീരത്ത് ക്രൂഡ് ഓയിൽ സാന്നിധ്യമുണ്ടാകുമെന്ന് നേരത്തെ മനസിലാക്കിയിരുന്നെങ്കിലും ഇത് കുഴിച്ചെടുക്കാൻ കഴിഞ്ഞിരുന്നില്ല. വേണ്ട സാങ്കേതിക പരിജ്ഞാനം ഇല്ലാത്തതും സാമ്പത്തിക ബുദ്ധിമുട്ടുകളുമാണ് പാക്കിസ്ഥാന് തിരിച്ചടിയായത്. പല പ്രാവശ്യം ശ്രമിച്ചെങ്കിലും വ്യാവസായിക അടിസ്ഥാനത്തിൽ എണ്ണക്കിണറുകൾ സ്ഥാപിക്കാൻ കഴിയാത്തതും തിരിച്ചടിയായി. 2019ൽ വിദേശ കമ്പനികളുടെ സഹായത്തോടെ ‘കെക്ര -1’ എന്ന ആഴക്കടൽ പ്ലാന്റ് തുടങ്ങിയെങ്കിലും അധികം വൈകാതെ ഉപേക്ഷിക്കേണ്ടി വന്നു.പുതിയ പദ്ധതി പ്രകാരം പാക്കിസ്ഥാനിലെ കമ്പനികൾ 8.2 കോടി ഡോളർ എണ്ണ പര്യവേഷണത്തിന് വേണ്ടി നിക്ഷേപിക്കും. രണ്ടാം ഘട്ടത്തിലേക്ക് കടക്കുമ്പോൾ നിക്ഷേപം 100 കോടി ഡോളറിലേക്ക് എത്തുമെന്നാണ് പ്രതീക്ഷ. നിലവിൽ 54,600 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ 23 ഓഫ്ഷോർ ബ്ലോക്കുകൾ വികസിപ്പിക്കാനാണ് അനുമതി നൽകിയിരിക്കുന്നത്.എനർജി സിറ്റിഇന്ത്യയെപ്പോലെ ക്രൂഡോയിൽ ശേഖരമുള്ള രാജ്യമല്ല പാക്കിസ്ഥാൻ. അതുകൊണ്ടു തന്നെ വിതരണ ശൃംഖലയിൽ തടസമുണ്ടായാൽ പാക്കിസ്ഥാന് എണ്ണ ലഭിക്കുന്നത് തടസപ്പെടും. ഹോർമുസ് കടലിടുക്ക് അടഞ്ഞതോടെ പശ്ചിമേഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ എത്തിക്കാൻ പാക്കിസ്ഥാൻ ബുദ്ധിമുട്ടിയിരുന്നു. ഇതിന് പരിഹാരം കാണാൻ പശ്ചിമേഷ്യൻ രാജ്യങ്ങളുടെ എണ്ണശേഖരം പാക്കിസ്ഥാനിൽ സൂക്ഷിക്കാനുള്ള ശ്രമത്തിലാണ് പാക്ക് അധികൃതർ. അറബിക്കടലിൽ ചൈനീസ് സഹായത്തോടെ നിർമിക്കുന്ന ഗ്വാദർ തുറമുഖത്തിൽ ഇതിനായി എനർജി സിറ്റി നിർമിക്കാനും പാക്കിസ്ഥാന് പദ്ധതിയുണ്ട്.


Source link

Back to top button