NEWS

രാത്രിയോ പുലർച്ചെയോ കായലിലൂടെ വള്ളത്തിൽ വന്നു കൃത്യം നടത്തി? മൃതദേഹത്തിൽ ബ്ലൗസ് മാത്രം; കണ്ടെത്തിയത് രണ്ട് കിലോമീറ്റർ അകലെ


ആറാട്ടുപുഴ ∙ കിഴക്കേക്കര കനകക്കുന്നിൽ കാണാതായ വയോധികയുടെ മൃതദേഹം കൈകാലുകൾ ബന്ധിച്ച്, കഴുത്തിൽ കല്ല് കെട്ടിയിട്ട നിലയിൽ മല്ലിക്കാട്ടുകടവിനു സമീപം കായലിൽ കണ്ടെത്തി. കനകക്കുന്ന് ജെട്ടിക്കു സമീപം സാധുപുരത്ത് തെക്കതിൽ ഒറ്റയ്ക്കു താമസിച്ചിരുന്ന തങ്കമ്മ (80)യെ കൊലപ്പെടുത്തിയതാണെന്നാണു പ്രാഥമിക നിഗമനം. തലയ്ക്കു പിന്നിലേറ്റ മുറിവും കൈകാലുകൾ ബന്ധിച്ചു കായലിൽ തള്ളിയപ്പോൾ ശ്വാസകോശത്തിൽ വെള്ളം കയറിയതുമാണു മരണകാരണമെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ഇവർ ധരിച്ചിരുന്ന സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ മുതൽ തങ്കമ്മയെ കാണാനില്ലായിരുന്നു. ഞായറാഴ്ച രാത്രിയോ തിങ്കളാഴ്ച പുലർച്ചെയോ കൊലപാതകം നടന്നിരിക്കാമെന്നാണു കരുതുന്നത്.ഭർത്താവ് മരിച്ച തങ്കമ്മ തനിച്ചാണു കഴിഞ്ഞിരുന്നത്. വിദേശത്ത് ഉദ്യോഗസ്ഥനായ മകൻ സത്യദാസിന്റെ വീട് അടുത്താണ്. വിവാഹിതയായ മകൾ ഷൈമോളും വേറെയാണു താമസം. തിങ്കളാഴ്ച രാവിലെ വീട്ടിലെത്തിയ ഷൈമോൾ അമ്മയെ കാണാതെ എല്ലായിടത്തും അന്വേഷിച്ചിരുന്നു. തുടർന്ന് കനകക്കുന്ന് പൊലീസിൽ പരാതി നൽകി. അന്വേഷണം നടക്കുന്നതിനിടെയാണു കായലിൽ ജഡം പൊങ്ങിയത്. തങ്കമ്മ ഒറ്റയ്ക്കു താമസിക്കുന്നത് അറിയാവുന്നവരാകണം കൊലപാതകത്തിനു പിന്നിലെന്നാണു നിഗമനം. ഇവരുടെ സമീപവാസിയായ ഒരാളെ പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്തു വരുന്നു.കായംകുളത്തു നിന്ന് അഗ്നിരക്ഷാസേനയെത്തി മൃതദേഹം വള്ളത്തിൽ കനകക്കുന്ന് ജെട്ടിയിൽ എത്തിച്ചു. ജഡം തങ്കമ്മയുടേതാണെന്നു തിരിച്ചറിഞ്ഞു. ബ്ലൗസ് മാത്രമാണ് മൃതദേഹത്തിൽ ഉണ്ടായിരുന്നത്. ഇവർ ധരിക്കാറുള്ള കൈലി മുണ്ടുകൊണ്ട് കാലുകളും തോർത്ത് ഉപയോഗിച്ച് കൈകളും ബന്ധിച്ച നിലയിലായിരുന്നു. കായലരികിലുള്ള കാട്ടുകല്ലാണ് കഴുത്തിൽ കെട്ടിയിരുന്നത്.


Source link

Back to top button